Site icon CTV Online

മെട്രോ പില്ലറുകൾക്കിടയിൽ കഞ്ചാവ് ചെടി; പറിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

Web Desk

മെട്രോ പില്ലറുകൾക്കിടയിൽ മറ്റു ചെടികൾക്കൊപ്പം വളർത്തിയതെന്നു സംശയിക്കുന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടത്തു നടത്തിയ പരിശോധനയിലാണ് ചെടി വളർന്നുനിൽക്കുന്നതു തിരിച്ചറിഞ്ഞത്. ഇവിടെ ട്രാഫിക് സിഗ്നലിനു സമീപത്ത് 516 – 517 പില്ലറുകൾക്കിടയിൽ ചെടികൾവച്ചു പരിപാലിക്കാൻ കൊച്ചി മെട്രോ റെയിൽ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇതിന് ഏകദേശം നാലു മാസം പ്രായം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. 130 സെന്റീമീറ്ററോളം ഉയരവും 31 ശിഖരങ്ങളുമുള്ള ചെടിയാണ് കണ്ടെത്തി നശിപ്പിച്ചത്. രാജമല്ലി ചെടികൾക്കൊപ്പമാണ് ഇവ നിന്നിരുന്നത് എന്നതിനാൽ തിരിച്ചറിയാനും പ്രയാസമാണ്. ആരെങ്കിലും മനഃപ്പൂർവം വളർത്തിയതു തന്നെയാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇവിടെയുള്ള സിസിടിവി ഉൾപ്പെടെ പരിശോധിക്കാനും ചെടി നട്ടുവളർത്തിയവരെ പിടികൂടാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചെടികൾ പരിപാലിച്ചിരുന്നവരിൽനിന്നും വിവരങ്ങൾ ശേഖരിക്കും.

Exit mobile version