Site icon CTV Online

അതിരുകളില്ലാത്ത സന്തോഷത്തിൽ ദിയ; കൈയ്യടി നേടി മന്ത്രിയുടെ സ്നേഹസമ്മാനം

മുക്കം : മുക്കത്ത് നടക്കുന്ന 65മത് ജില്ലാ കലോത്സവ വേദിയെ വികാരനിർഭരമാക്കി പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സ്നേഹോപഹാരവും മന്ത്രിയുടെ ഹൃദയസ്പർശിയായ മറുപടിയും.ആനയാംകുന്ന് വയലിൽ മൊയിൻഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് തന്റെ വരയിലൂടെ കലോത്സവ ഉദ്ഘാടന വേദിയിൽ താരമായത്.

എസ് എം എ ടൈപ്പ്-2 എന്ന അപൂർവ്വ രോഗത്തെ തുടർന്ന് ചെറുപ്പം മുതൽ ചികിത്സയിലുള്ള ദിയ, ശാരീരിക പരിമിതികളെ അതിജീവിച്ച് ചിത്രരചനയിൽ തന്റെതായ ഇടം കണ്ടെത്തിയ മിടുക്കിയാണ്.

കലോത്സവത്തിന്റെ തലേദിവസം രാത്രിയാണ് ഉദ്ഘാടകനായി എത്തുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ആണ് എന്ന് ദിയ അറിഞ്ഞത്.

ഉടൻ തന്നെ അധ്യാപികയെ വിളിച്ച് മന്ത്രിയുടെ ചിത്രം വരച്ചാൽ വേദിയിൽ വെച്ച് നേരിട്ട് നൽകാൻ സാധിക്കുമോ എന്ന് ദിയ ചോദിച്ചു. “നീ എന്തായാലും വരച്ചോ, നമുക്ക് ശ്രമിച്ചു നോക്കാം” എന്നായിരുന്നു അധ്യാപികയുടെ മറുപടി.

ഉറപ്പൊന്നുമില്ലായിരുന്നെങ്കിലും രാത്രി തന്നെ ദിയ മന്ത്രിയുടെ മനോഹരമായ ചിത്രം വരച്ചുതീർത്തു.ഉദ്ഘാടന വേദിയിൽ വെച്ച് ദിയ തന്റെ ചിത്രം മന്ത്രിക്ക് കൈമാറിയപ്പോൾ അത് വലിയൊരു വിസ്മയമായി മാറി. ചിത്രം കണ്ട് ഏറെ സന്തോഷവാനായ മന്ത്രി, ദിയയുടെ കഴിവിനെ അഭിനന്ദിക്കുകയും ഉടൻ തന്നെ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് സ്നേഹസമ്മാനമായി കുട്ടിക്ക് നൽകുകയും ചെയ്തു.

“അതിരുകളില്ലാത്ത സന്തോഷത്തിലാണ് ഞാൻ” എന്നായിരുന്നു മന്ത്രിയുടെ സമ്മാനം ഏറ്റുവാങ്ങിയ ശേഷം ദിയയുടെ പ്രതികരണം.

കലാകാരിയുടെ കഴിവിനെ വേദിയിൽ വെച്ച് തന്നെ അർഹമായ രീതിയിൽ പ്രോത്സാഹിപ്പിച്ച മന്ത്രിയുടെ ഈ നടപടിക്ക് സദസ്സിൽ നിന്നും വലിയ കൈയ്യടിയാണ് ലഭിച്ചത്. കാരശ്ശേരി മുരിങ്ങാംപുറായി നിസാർ – തസ്ലീന ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് ദിയ ഫാത്തിമ.

Exit mobile version