കോഴിക്കോട്ടേക്കുള്ള യാത്രക്കാരുടെ മൊബൈലും, പേഴ്‌സും ഉള്‍പ്പെടെ മോഷ്ടിച്ച് ട്രെയിനിലെ ശുചിമുറിയില്‍ ഒളിച്ച കള്ളന്മാര്‍ പിടിയില്‍; മലബാര്‍ എക്‌സ്പ്രസില്‍ മോഷണം

newsdesk

ഷൊര്‍ണ്ണൂര്‍: മലബാര്‍ എക്‌സ്പ്രസില്‍ മോഷണം നടത്തി ശുചിമുറിയില്‍ ഒളിച്ച കള്ളന്മാര്‍ പിടിയില്‍. കൊച്ചി കല്‍വത്തി സ്വദേശി തന്‍സീര്‍(19), കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ പതിനേഴ് വയസ്സുകാരന്‍ എന്നിവരാണ് പിടിയിലായത്. മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടാക്കളെ ശുചിമുറിയില്‍ വെച്ച് അതിവിദഗ്ധമായി വാതില്‍ പൊളിച്ചാണ് അറസ്റ്റ് ചെയ്തത്.

സ്ലീപ്പര്‍, എസി കോച്ച് യാത്രക്കാരായ രണ്ട് പേരുടെ മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ മോഷ്ടിച്ച പ്രതികള്‍ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിക്കാനും ശ്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തൃശ്ശൂരില്‍ മലബാര്‍ എക്‌സ്പ്രസില്‍ വച്ചാണ് സംഭവം. തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ റെയിൽവേ പോലീസ് ഓഫീസര്‍മാരായ സുരേഷ് കക്കറ, മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.

ട്രെയിനില്‍ എസ്4 കോച്ചില്‍ കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു ബിഡിഡിഎസ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണും എ1 കോച്ചില്‍ കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പേഴ്‌സുമാണ് മോഷണം പോയത്. മോഷ്ടാക്കള്‍ ട്രെയിനില്‍ തന്നെ ഉണ്ടെന്നും ട്രെയിന്‍ ഷോര്‍ണൂറില്‍ എത്തിയാല്‍ ഇറങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും മനസിലായതോടെ ശക്തമായ പരിശോധന തുടരുകയായിരുന്നു. പൊലീസുകാര്‍ വരുന്നത് കണ്ട പ്രതികള്‍ എച്ച്എ 1 കോച്ചിന്റെ ശുചിമുറിയില്‍ ഒളിച്ചു.വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മോഷ്ടാക്കള്‍ തുറന്നില്ല. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ വാതില്‍ പൊളിച്ച് പ്രതികളെ കീഴ്‌പ്പെടുത്തി.

മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ട്രെയിനിനുള്ളില്‍ തന്നെ നശിപ്പിച്ച് ക്ലോസറ്റില്‍ നിക്ഷേപിച്ചെന്ന് മോഷ്ടാക്കള്‍ പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിരവധി എന്‍ഡിപിഎസ് കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും, തന്‍സീര്‍ കോഴിക്കോട് ബീവറേജ് കുത്തിത്തുറന്ന കേസിലെ പ്രതിയാണെന്നും മനസ്സിലായി. മലബാര്‍ എക്‌സ്പ്രസ് 20 മിനിറ്റ് വൈകിയാണ് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടത്. ട്രെയിനില്‍ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടാണ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്.

error: Content is protected !!