
newsdesk
കോഴിക്കോട് ∙ കനത്ത മഴയെ തുടർന്ന് ഗവ.മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. അത്യാഹിതവിഭാഗം, 18, ഐസിയു വാർഡായ 19 തുടങ്ങിയ വാർഡുകൾ അടക്കം താഴത്തെ നിലയിൽ താഴ്ന്ന ഭാഗങ്ങളിലേക്കാണു വെള്ളം കയറിയത്. ആശുപത്രിയുടെ മുറ്റത്തു വൈകിട്ട് മുതൽ തന്നെ വെള്ളക്കെട്ടായിരുന്നു. ഓടകൾ നിറഞ്ഞതോടെ വെള്ളം ഒഴിഞ്ഞുപോകാതെ മുറ്റത്ത് നിറഞ്ഞു.
രാത്രി മഴ കനത്തതോടെ മുട്ടറ്റം വന്ന വെള്ളം വാർഡുകളിലേക്കു കയറുകയായിരുന്നു. സാധാരണ ഓടയിലൂടെ വെള്ളം ആശുപത്രിയുടെ മുൻവശത്തുള്ള മലിനജല സംഭരണിയിലേക്ക് ഒഴുകിയെത്തും. ഇവിടെ നിന്ന് പമ്പ് ചെയ്ത് മെഡിക്കൽ കോളജ് ഗ്രൗണ്ടിന് സമീപത്തുള്ള മലിനജ ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മഴ കനത്തതോടെ തന്നെ പമ്പിങ് ആരംഭിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
