
newsdesk
കോഴിക്കോട്: കുടിശ്ശിക തരാതെ മരുന്നുകൾ വിതരണം ചെയ്യില്ലെന്ന് കരാറുകാർ തീർത്തു പറഞ്ഞതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 മുതൽ ഹൃദയചികിത്സയടക്കം മുടങ്ങും. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ 90 കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് മെഡിക്കൽ കോളേജ് നൽകാനുള്ളത്. 2024 മാർച്ച് വരെയുള്ള കുടിശ്ശികയാണ് ഇതുവരെ നൽകിയത്. 10 മുതൽ മരുന്നുവിതരണം നിർത്തുമെന്ന് വ്യക്തമാക്കി ഓൾ കേരളാ കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ വിതരണക്കാരുമായി ചർച്ച നടത്തുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ജില്ലാ വെെസ് പ്രസിഡന്റ് എം.കെ സന്തോഷ് കുമാർ, എം രാജഗോപാൽ, അബ്ദുൾ സത്താർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രി മുഹമ്മദ് റിയാസ്, കളക്ടർ, സ്നേഹിൽ കുമാർ സിംഗ്, സ്ഥലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ രാഘവൻ എം.പി എന്നിവർക്ക് കത്ത് നൽകിയിട്ടും പരിഹാരമുണ്ടായില്ല. വിഷയം ഉടൻ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നാണ് മെഡി.കേളേജ് പ്രിൻസിപ്പൽ അറിയിച്ചതെന്ന് അസോസിയേഷൻ അറിയിച്ചു. മരുന്ന് വിതരണം നിലച്ചാൽ
കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് വഴിയുള്ള ഹൃദയ ശസ്ത്രക്രിയകൾ അടക്കം പൂർണമായി നിലക്കും. ശസ്ത്രക്രിയാ ഉപകരണങ്ങൾ സ്റ്റോക്കില്ലാതായാൽ രോഗികൾക്ക് വൻതുക കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയുമാകും.മരുന്നുകൾ വിതരണം ചെയ്ത് മൂന്നു മാസത്തിനകം കുടിശ്ശിക നൽകുമെന്നാണ് വിതരണക്കാരും ആശുപത്രി വികസന സമിതിയും തമ്മിലുള്ള കരാർ. എന്നാൽ, ഒമ്പതു മാസത്തിലധികമായി പണം കുടിശ്ശികയാണ്. കുടിശ്ശിക കുന്നുകൂടുന്നതുമൂലം വിതരണക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കമ്പനികൾക്ക് മരുന്നിന് പണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ചെറുകിട വിതരണക്കാരും.ഇക്കഴിഞ്ഞ മാർച്ചിൽ കുടിശ്ശികയെത്തുടർന്ന് കമ്പനികൾ മരുന്ന്, ഉപകരണ വിതരണം നിർത്തിവച്ചത് മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമത്തിനും സർജറികൾ മുടങ്ങാനും ഇടയാക്കിയിരുന്നു. മാത്രമല്ല, ആശുപത്രി വികസന സമിതി നടത്തുന്ന ന്യായവില മെഡിക്കൽ ഷോപ്പ് അടച്ചിടുന്നതുവരെ കാര്യങ്ങളെത്തി. എം.കെ. രാഘവൻ എം.പി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സർക്കാർ വിതരണക്കാരുമായി ചർച്ച നടത്തുകയും 2023 ഡിസംബർ 31 വരെയുള്ള കുടിശ്ശിക നൽകാമെന്ന ഉറപ്പിൽ വിതരണം പുനഃസ്ഥാപിക്കുകയുമായിരുന്നു.
സർജിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയ ഇനത്തിൽ 150 കോടിയിലേറെ രൂപ സർക്കാരിൽ നിന്ന് മെഡിക്കൽ കോളേജിന് കിട്ടാനുണ്ട്. ഈ പണം ലഭിക്കാത്തതാണ് മരുന്ന് വിതരണക്കാർക്കുള്ള പണം കുടിശ്ശികയാകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
