
newsdesk
കോഴിക്കോട്: വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ യുവാവിനെ ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തി. കോഴിക്കോട് കല്ലായി സ്വദേശിയായ ജാബിറി(30)നെയാണ് കാൽവരി മൗണ്ട് ഇരുട്ടുകാനത്ത് പാറപ്പുറത്ത് കണ്ടെത്തിയത്.
തേൻ എടുക്കാൻ പോയ ആദിവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ എത്തിയശേഷം ബോട്ട് മാർഗ്ഗം യുവാവിനെ അഞ്ചുരുളിയിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 29ന് വീട്ടിൽനിന്ന് പിതാവുമായി വഴക്കിട്ട് ഇറങ്ങിയതാണ് ജാബിർ . മുപ്പതിന് കട്ടപ്പനയിലെത്തിയ ഇയാൾ കാൽവരി മൗണ്ടിലെത്തി അവിടെനിന്ന് വനത്തിലൂടെ താഴേക്കിറങ്ങി ഇടുക്കി തടാകത്തിന്റെ അരികിലെത്തി. തിരികെ കയറി പോകാൻ വഴിയറിയാതെ വനത്തിൽ കുടുങ്ങുകയായിരുന്നു. നാലുദിവസം ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നില്ല.
യുവാവിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കട്ടപ്പനയിലെ വനം വകുപ്പ് ഓഫീസിൽ എത്തിച്ചു തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു.