Site icon CTV Online

കോഴിക്കോട് ലോഡ്ജ് മുറിയിലെ കൊലപാതകം; യുവതിയെ കൊണ്ടുപോയത് ജോലിസ്ഥലത്തു നിന്ന്, തെളിവെടുപ്പ് നടത്തി

കോഴിക്കോട് : എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ യുവതിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിലെ പ്രതിയെ സംഭവം നടന്ന ലോഡ്ജിലും യുവതിയുടെ ജോലിസ്ഥലത്തും എത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെ 10.52-ഓടെയാണ് പ്രതി തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫിനെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ചത്.

കൊലപാതകം നടന്ന ഒന്നാംനിലയിലെ മുറിയില്‍ 40 മിനിറ്റോളം പോലീസ് പ്രതിയുമായി ചെലവഴിച്ചു. ഫസീലയെ കൊലപ്പെടുത്തിയ രീതിയും കൊലപ്പെടുത്താനുണ്ടായ സാഹചര്യവും പ്രതി പോലീസിനോട് വിശദീകരിച്ചു.

യുവതി ജോലി ചെയ്തിരുന്ന കുന്ദമംഗലത്തെ തുണിക്കടയിലും പോലീസ് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് കാറില്‍ കയറ്റിക്കൊണ്ടു പോയത്. കൊലപാതക ശേഷം രക്ഷപ്പെടുന്നതിനിടെ ഇയാള്‍ ഉപയോഗിച്ചിരുന്ന സിമ്മെടുത്ത ബെംഗളൂരുവിലെ കടയില്‍ അടുത്ത ദിവസം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ 30-ന് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ചയാണ് കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

സനൂഫിന്റെ പേരില്‍ ഫസീല നല്‍കിയ പീഡന പരാതി ഒത്തു തീര്‍ക്കാനായാണ് നവംബര്‍ 24-ന് രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. 25-ന് പീഡന പരാതിയുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് യുവതിയെ പ്രതി കിടക്കയിലേക്ക് കിടത്തി കഴുത്തിന് ബലമായിപ്പിടിച്ചതോടെ ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. അന്നു തന്നെ പ്രതി സ്ഥലം വിട്ടു.

26-ന് രാവിലെ ലോഡ്ജിലുള്ളവരാണ് ഫസീലയുടെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കാറുപേക്ഷിച്ച ശേഷം ബെംഗളൂരുവിലേക്കും പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ചെന്നൈയിലേക്കും കടന്ന സനൂഫിനെ 29-ന് ചെന്നൈ ആവടിയിലെ ലോഡ്ജില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.

സൈബര്‍സെല്ലിന്റെ സഹായത്തോടെ മൂന്നു സംഘങ്ങളായിത്തിരിഞ്ഞ് നടത്തിയ ആസൂത്രിത അന്വേഷണത്തിലൂടെയാണ് പോലീസ് സനൂഫിനെ കീഴടക്കിയത്.

Exit mobile version