newsdesk
കോഴിക്കോട് ∙ രണ്ടരക്കോടി രൂപ വിലവരുന്ന ലഹരിമരുന്നു പിടികൂടിയ സംഭവത്തിൽ ബെംഗളൂരുവിൽ നിന്ന് ഒരു യുവതി കൂടി പിടിയിലായി. അവിടെ നിന്നു കോഴിക്കോട്ടേക്കു ലഹരി എത്തിച്ചിരുന്ന ‘കാരിയറാ’യ ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ പി.എസ്.ജുമിയെ (24) ആണ് വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ജി.ഹരീഷും സിറ്റി ക്രൈംസ്ക്വാഡും ചേർന്ന് മഡിവാളയിൽനിന്ന് വ്യാഴാഴ്ച രാത്രി പിടികൂടിയത്.
കണ്ണൂർ റേഞ്ചിൽ പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടക്കേസിൽ ഇതോടെ മൂന്നാമത്തെയാളാണു പിടിയിലായത്. നിലമ്പൂർ വെളിമറ്റം വടക്കേടത്ത് ഷൈൻ ഷാജിയെ ബെംഗളൂരുവിൽ നിന്നും പെരുവണ്ണാമുഴി മുതുകാട് കിഴക്കയിൽ ഹൗസിൽ ആൽബിൻ സെബാസ്റ്റ്യനെ ഇടുക്കി കുമളിയിൽ നിന്നും നേരത്തേ പിടികൂടിയിരുന്നു.
ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. മേയ് 19 നാണ് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട്ടിൽ വെള്ളയിൽ പൊലീസും ജില്ലാ ആന്റി–നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡൻസാഫ്) നടത്തിയ പരിശോധനയിൽ രണ്ടരക്കോടിയുടെ രാസലഹരി മരുന്നുകൾ പിടികൂടിയത്. പ്രതികൾ കടന്നുകളഞ്ഞിരുന്നു.
സിറ്റി ഡിസിപി അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്. ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടു ഗോവയിലും ബെംഗളൂരുവിലും ആർഭാടജീവിതം നയിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെള്ളയിൽ എസ്ഐ കെ.ദീപു കുമാർ, സിറ്റി ക്രൈം സ്ക്വാഡിലെ എ.പ്രശാന്ത് കുമാർ, എസ്‌സിപിഒ കെ.ദീപു, സീനിയർ സിപിഒ ഷിജില, സിപിഒ സ്നേഹ, ഷിനിൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.