Site icon CTV Online

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്‌ സ്റ്റാൻഡ് ഭാഗത്തു നിന്ന് 30 ലക്ഷത്തിന്റെ ലഹരിമരുന്ന് പിടികൂടി

കോഴിക്കോട്∙ വിൽപനയ്ക്കായി കൊണ്ടു വന്ന 28 കിലോ ഗ്രാം കഞ്ചാവുമായി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്ന് 2 പേരെയും 778 ഗ്രാം എംഡിഎംഎയുമായി റെയിൽ സ്റ്റേഷൻ ഭാഗത്ത് നിന്ന് ഒരാളെയും പൊലീസ് പിടികൂടി. കളമശ്ശേരി ഗ്ലാസ് കോളനി ചാമപ്പറമ്പിൽ സി.എം.ഷാജി (30),ബംഗാൾ മുർഷിദബാദ് ശെഹബ്രംപൂർ മോമിനൂൾ മലിത (26) എന്നിവരെ കഞ്ചാവുമായും മലപ്പുറം പുതുക്കോട്ട് പേങ്ങാട്ട് കണ്ണനാരി പറമ്പ് കെ.സിറാജിനെ (31) എംഡിഎംഎയുമായുമാണ് ഡാൻസാഫും കസബ, ടൗൺ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പുതിയ ബസ് സ്റ്റാന്റിൽ നിന്നും പെരുമ്പാവൂർ, കളമശേരി ഭാഗങ്ങളിലേക്കു വിൽപയ്ക്കായി കൊണ്ടു പോകുന്ന 28 കിലോ കഞ്ചാവുമായാണ് 2 പേർ പിടിയിലായത്.

ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവർ ഒഡീഷയിൽ നിന്നു ട്രെയിനിൽ ബെംഗളൂരുവിലെത്തി അവിടെ നിന്നും ടൂറിസ്റ്റ് ബസിൽ കോഴിക്കോട് എത്തിയപ്പോഴാണ് പിടിയിലായത്. ഷാജി എറണാകുളത്ത് അടിപിടി കേസുകളിൽ പ്രതിയാണ്. ഡൽഹിയിൽ നിന്നു ട്രെയിൻമാർഗം ഇവിടെ എത്തിച്ച എംഡിഎംഎ വിവിധ ഭാഗങ്ങളിലേക്ക് വിൽപനയ്ക്കു കൊണ്ടുപോകവേയാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ഡൽഹി, ഗോവ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ്. പിടികൂടിയ എംഡിഎംഎയ്ക്ക് ചില്ലറ വിപണിയിൽ 30 ലക്ഷം രൂപ വിലവരും.

ലഹരിമരുന്നു കടത്താനായി കോഴിക്കോട് നിന്നു ട്രെയിനിൽ ഗോവയിൽ എത്തി അവിടെ നിന്നു വിമാനത്തിൽ ഡൽഹിക്ക് പോകുന്ന സിറാജ്, ഡൽഹിയിൽ നിന്നും എംഡിഎംഎയുമായി ഗോവ വഴി കോഴിക്കോട് ഭാഗത്തേക്കു വരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ശുചിമുറിയിൽ എത്തി എംഡിഎംഎ ഒളിപ്പിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനു ശേഷം ട്രെയിൻ ഗോവയിൽ എത്തുന്നതിനു മുൻപേ ഇയാൾ ഡൽഹിയിൽ നിന്നു വിമാനത്തിൽ ഗോവയിൽ എത്തും.

പിന്നീട് ട്രെയിൻ ഗോവയിൽ എത്തുമ്പോൾ ഈ ട്രെയിനിൽ ഗോവയിൽ നിന്നു കോഴിക്കോട്ടേക്കു കയറി നേരത്തെ ലഹരിമരുന്നു സൂക്ഷിച്ച ശുചിമുറിയിലെത്തി അവിടെ നിന്നും എടുത്ത് ട്രെയിൻ ഇറങ്ങി പോകുകയാണ് ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു. 2020ൽ എൽഎസ്ഡി, എംഡിഎംഎ, ലഹരി ഗുളികൾ എന്നിവ പിടികൂടിയതിന് സിറാജിനെതിരെ ഹിമാചൽ പ്രദേശിൽ കേസുണ്ട്. ഡാൻസാഫ് എസ്ഐമാരായ മനോജ് എടയേടത്ത്, കെ.അബ്ദുറഹ്മാൻ, എഎസ്ഐ അനീഷ് മൂസേൻവീട്, കസബ എസ്ഐമാരായ ആർ.ജഗ്‌മോഹൻ ദത്ത്, സജിത്ത് മോൻ, ടൗൺ എസ്ഐമാരായ കെ.മുരളീധരൻ, ഷബീർ തുടങ്ങിയവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Exit mobile version