newsdesk
കോഴിക്കോട്: ദുരിതം വിതച്ച് ജില്ലയിൽ കനത്ത മഴ തുടരുന്നു. ഒരാളുടെ മരണമടക്കം വ്യാപക നാശനഷ്ടം. ബണ്ട് മുറിച്ചു കടക്കുന്നതിനിടെ കാൽ വഴുതി കുന്നത്തുപാലം പുഴയിലേക്ക് വീണ മാത്തറ ചപ്പങ്ങയിൽ നെല്ലൂളി രതീഷാണ് മുങ്ങി മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പല സ്ഥലത്തും മതിലുകൾ ഇടിഞ്ഞു വീണു. മലയോരയത്ത് രാവിലെ മുതൽ ശക്തമായ മഴയായിരുന്നു. ചാലിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഊർക്കടവ് റഗലേറ്റർ കംബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. ശക്തമായ കടൽക്ഷോഭത്തിൽ കാപ്പാട്-തൂവപ്പാറ-കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതോടെ ഗതാഗതം നിരോധിച്ചു.
ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഗ്രാമീണ റോഡുകളിൽ വെള്ളം നിറഞ്ഞതോടെ യാത്ര ദുസഹമായി. കച്ചേരി കുന്നിൽ വീടുകളിൽ വെള്ളം കയറി. പ്രദേശത്തുകാർ ബന്ധു വീടുകളിലേക്ക് മാറി. ചെറുപുഴ നിറഞ്ഞതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. തൊട്ടിൽപാലത്ത് കിണർ ഇടിഞ്ഞു താണു. വലിയപ്പറമ്പത്ത് ഷെക്കീനയുടെ വീടിനോട് ചേർന്ന കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
രാമനാട്ടുകര: രാമനാട്ടുകര ഗവ.യു.പി സ്ക്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് മലയോര മേഖലയിൽ പലയിടത്തും വൈദ്യുതി താറുമാറായിരിക്കുകയാണ്.
പറയഞ്ചേരി മാങ്ങോട്ടുവയൽ ഭാഗത്തെ ഭാഗത്ത് കൂറ്റൻ കോൺക്രീറ്റ് മതിൽ വീണതിനെ തുടർന്ന് ആറ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൊയിലാണ്ടിയിൽ അങ്കണവാടിക്ക് മുകളിലേക്ക് മരം കടപുഴകി. ആർക്കും പരിക്കില്ല.
മുക്കം: കനത്ത മഴയിൽ നീലേശ്വരം -കല്ലുരുട്ടി റോഡിൽ ഇട്ടാരംകോട് ഭാഗത്ത് കരിങ്കല്ലുകൊണ്ടു നിർമ്മിച്ച മൂന്നര മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തി തകർന്നു. കല്ലൂരുട്ടി, മക്കാട്ടുചാൽ പ്രദേശത്തെ വിദ്യാർത്ഥികളടക്കം കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന പ്രധാന റോഡാണ്. ഓമശേരി കല്ലുരുട്ടി റോഡിൽ തടസം നേരിടുമ്പോൾ വാഹനങ്ങൾ ഉപയോഗിക്കുന്ന ബദൽ റോഡുമാണ് തകർച്ചഭീഷണി നേരിടുന്നത്.
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൊയിലോം ചാൽ ആനിക്കാട്ട് കുന്നേൽ മാത്യുവിന്റെ പശു തൊഴുത്ത് തകർന്നു വീണു.
നാദാപുരം: കനത്ത മഴയിൽ കല്ലാച്ചി ടൗണിലും പരിസരത്തുമുള്ള റോഡുകൾ വെള്ളത്തിലായി. കല്ലാച്ചി പൈപ്പ്ലൈൻ റോഡിൽ മഴവെള്ളം പോകാനിട്ടിരുന്ന പൈപ്പ് അടഞ്ഞതിനാൽ റോഡ് തോടായി. ഇതുവഴിയുള്ള ഗതാഗതം ഗ്രാമപഞ്ചായത്ത് അധികൃതർ നിരോധിച്ചു