Site icon CTV Online

ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചു; സുഹൃത്തിനൊപ്പം കോളജിലേക്ക് പോകുകയായിരുന്ന മലപ്പുറം എടവണ്ണ സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദ് (24) ആണ് മരിച്ചത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് അബി നർഷാദ്. യുവാവും സു​ഹൃത്തായ കൊച്ചി സ്വ​ദേശി അ​​ബ്ദുൾ അസീസും സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയിൽ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. നഴ്‌സിംഗ് വിദ്യാർത്ഥിയായ അബി ഷർനാദും സുഹൃത്ത് അബ്ദുൽ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കിൽ കോളേജിലേക്ക് തിരികെ പോവുകയായിരുന്നു. അബി നർഷാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന അതേ ദിശയിൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്.

റോഡിൽ വീണ അബി ബസ്സിനടിയിൽപ്പെട്ടു പോവുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: അക്ബർ. മാതാവ്: ബിജൂനി മാലങ്ങാടൻ, സഹോദരങ്ങൾ: ഇഹാബ്, ഹാദി ഹസൻ

Exit mobile version