newsdesk
കോഴിക്കോട്: കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗരം പദവി. ലോക നഗര ദിനത്തില്‍ യുനെസ്‌കോ പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചത്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം കൂടിയാണ് കോഴിക്കോട്. പ്രാഗ് ആണ് സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യം നഗരം.
കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് പദവി നല്‍കിയത്. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് നിരവധി പുസ്തകോത്സവങ്ങള്‍ നടക്കുന്നതും നേട്ടത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്. കിലയുടെ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്‌സിറ്റിയുടെ സഹായവും കോര്‍പറേഷന്‍ തേടിയിരുന്നു.
പ്രാഗ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷക വിദ്യാര്‍ത്ഥിനിയായ ലുദ്മില കൊലൗചോവ കോഴിക്കോട്ടെത്തി തയ്യാറെടുപ്പിന് സഹകരിച്ചിരുന്നു. കോഴിക്കോട് 70ലേറെ പുസ്തക പ്രസാദകരും 500ലേറെ ഗ്രന്ഥശാലകളും ഉള്ളതായി അവര്‍ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയാറാണ് 55 സര്‍ഗാത്മ നഗരങ്ങളില്‍ സംഗീത നഗരമായി തിരഞ്ഞെടുത്തത്.