Site icon CTV Online

യാത്രക്കാരെ ബസിന് മുകളിലിരുത്തി സർവീസ് നടത്തിയ സംഭവത്തിൽ മോട്ടോർവാഹന വകുപ്പ്  കേസെടുത്തു

newsdesk

കോഴിക്കോട്: ബസിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ കെ. ബിജുമോൻ വെളിപ്പെടുത്തി . അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ നിർബന്ധിത പരിശീലനത്തിന് അയക്കുമെന്നും ആർ.ടി.ഒ വ്യക്തമാക്കി.ജീവനക്കാരോട് നാളെ ആർ.ടി.ഒ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് – കിനാലൂർ റൂട്ടിലോടുന്ന നസീം ബസാണ് കഴിഞ്ഞ ദിവസം അപകടകരമായ രീതിയിൽ ആളുകളെ കയറ്റി സർവീസ് നടത്തിയത്. രാത്രി ഒമ്പതരയ്ക്ക് കോഴിക്കോട് നിന്ന് സർവീസ് നടത്തുന്ന ബസാണിത്. ബസിന്റെ മുകളിലും ഡോറിന്റെ സ്റ്റെപ്പിലും ആളുകൾ കയറിരുന്നു.

ബസിന് പിന്നാലെയുണ്ടായ കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്. മുകളിൽ ആളുകൾ കയറിയത് അറിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. തൊട്ടുമുമ്പ് സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ബസ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കൂടുതൽ യാത്രക്കാരുണ്ടായതെന്നും ജീവനക്കാർ പറയുന്നു. കോഴിക്കോട് കിനാലൂർ എസ്റ്റേറ്റ് റൂട്ടിൽ രാത്രി ഓടുന്ന അവസാന ബസാണ് നസീം.

Exit mobile version