newsdesk
കോഴിക്കോട് ∙ പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്തു കയറി വധിക്കാൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ കൊയിലാണ്ടി കോട്ടക്കൽ സ്വദേശി മീത്തലകത്ത് എം.നൗഷാദിനെ (46) സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ മമ്പറം കുണ്ടത്തിൽ പി.കെ.ഷഹീറിനെ (48) അറസ്റ്റ് ചെയ്തു.
വടകരയിൽ നിന്നെത്തിയ ബസിലായിരുന്നു ആക്രമണം. നിർത്തിയിട്ട ബസിനുള്ളിൽ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ, പരിചയക്കാരനായ ഷഹീർ ബസിൽ വച്ച് കുത്തി പരുക്കേൽപിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന കണ്ടക്ടർ പ്രമോദ് ഇടപെട്ടു ഇവരെ പിടിച്ചു മാറ്റിയെങ്കിലും പ്രതി പിൻസീറ്റിനടിയിലെ ജാക്കി ലിവർ എടുത്തു നൗഷാദിന്റെ തലയ്ക്കടിച്ച് ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച നാഷാദ് ഓടിച്ചിരുന്ന ബസ് മറ്റൊരു ബസിന്റെ മുന്നിൽ വന്നു എന്നു പറഞ്ഞാണ് പ്രതി ഇയാളെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻഡിന് പുറത്ത് സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടിയിരുന്നു. അതിനിടെ പ്രതിയെ ബുധനാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടി. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.