സീബ്ര ലൈനിൽ വച്ച് വിദ്യാർത്ഥിനികളെ ബസിടിച്ച് തെറിപ്പിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് വടകരയിലെ അപകടത്തിൽ ബസ് ഡ‍്രൈവർ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബ് ആണ് പിടിയിലായത്. മടപ്പള്ളി കോളേജ് വിദ്യാർഥിനികളെയാണ് സീബ്ര ലൈനിൽ വച്ച് ബസിടിച്ച് തെറിപ്പിച്ച സംഭവത്തിലാണ് ഡ്രൈവർ അറസ്റ്റിലായിരിക്കുന്നത്. അയ്യപ്പൻ എന്ന ബസിലെ ഡ്രൈവറാണ് മുഹമ്മദ് ഫുറൈസ് കിലാബ്.

അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു. ഒളിവിൽ പോയ ഡ്രൈവറെ ചോമ്പാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനായിരുന്നു അപകടം സംഭവിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദേശീയ പാതയിലൂടെ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർഥികളെയാണ് ബസ് ഇടിച്ചത്.

മൂന്ന് വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. കണ്ണൂരിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് ഇവരെ ഇടിച്ചത്. സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു വിദ്യാർത്ഥിനികൾ. കണ്ണൂർ ഭാഗത്തുനിന്നും ഒരു ലോറി വേഗതയിൽ കടന്നുപോയി. തൊട്ടുപിന്നിലെത്തിയ ബസ് ആണ് ഇവരെ ഇടിച്ചത്.

error: Content is protected !!