Site icon CTV Online

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 3.23നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ഭീഷണി ഇ-മെയില്‍ സന്ദേശം ലഭിക്കുന്നത്.

മെഡിക്കല്‍ കോളജിലെ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് വച്ചു എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡ് വിശദമായ പരിശോധന നടത്തി. സന്ദേശത്തില്‍ പറഞ്ഞത് പ്രകാരം അത്യാഹിത വിഭാഗത്തിലും പാര്‍ക്കിംഗ് ഏരിയയിലുമാണ് വിശദമായ പരിശോധന നടന്നത്. മുഹമ്മദ് വിക്രം രാജ്ഗുരു എന്ന ഐഡിയില്‍ നിന്നാണ് സന്ദേശം വന്നത്. ഉച്ചയ്ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിക്കണമെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്.

തമിഴ്‌നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന തൊഴില്‍ ചൂഷണം പരിഹരിക്കണമെന്ന ആവശ്യവും ഭീഷണി സന്ദേശത്തിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആളുകളെ പരിഭ്രാന്തരാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ വ്യാജ ബോംബ് സന്ദേശത്തിന് പിന്നിലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version