Site icon CTV Online

ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ബി.ജെ.പി നേതാക്കള്‍”; പ്രതിഷേധമറിയിച്ച് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ

കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തി. വെങ്ങളം – രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തിയത്. എം.എല്‍.എമാരായ അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഒ.സദാശിവന്‍ എന്നിവര്‍ തുറന്ന വാഹനത്തില്‍ മന്ത്രിയെ അനുഗമിച്ചു. പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടത്തിയുള്ള പ്രതിഷേധം. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ സര്‍ക്കാറിനെയും മന്ത്രിയെയും ഒഴിവാക്കി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ബി.ജെ.പി നേതാക്കളെന്നും ഇതിനെതിരെ പ്രതിഷേധമുയരണമെന്നും ആഹ്വാനം ചെയ്തായിരുന്നു റോഡ് ഷോ.

ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടി സംസ്ഥാനത്തോടും കേരളത്തിലെ ജനങ്ങളോടുമുള്ള അപമാനമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൂടി പണം മുടക്കി നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

പദ്ധതിയുടെ ഭാഗമായവര്‍ ചടങ്ങില്‍ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെ വലിയ തുക നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ തന്നെ ചടങ്ങില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിവാക്കി. ഒരു വികസന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ത് അടിസ്ഥാനത്തിലാണ് വേദിയിലിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പരിപാടിയില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ദേശീയപാത വികസനത്തില്‍ കേരളത്തെ പലതവണ പ്രകീര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നു. കേരളത്തിന്റെ നേട്ടമല്ല എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് മന്ത്രി റിയാസ് വിമര്‍ശിച്ചു.

Exit mobile version