NEWSDESK
വാഷിംഗ്ടണ്‍: അടുത്ത മഹാമാരി പക്ഷിപ്പനിയില്‍ നിന്നായിരിക്കുമെന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്. അത് എപ്പോഴായിരിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസില്‍ പശുക്കളുടെ ഇടങ്ങളിൽ വൈറസ് പടരുന്നത് തുടരുന്നതിനാൽ പക്ഷിപ്പനിയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു വാര്‍ത്താചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
”എപ്പോഴാണ് പക്ഷിപ്പനി മഹാമാരി ഉണ്ടാവുക എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു ചോദ്യമല്ല,ചില സമയങ്ങളിൽ ഇത് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു,”റെഡ്ഫീല്‍ഡ് പറഞ്ഞു. പക്ഷിപ്പനി മനുഷ്യരിലേക്ക് കടക്കുമ്പോള്‍ കോവിഡ് 19നെ അപേക്ഷിച്ച് മരണനിരക്ക് കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡിൻ്റെ മരണനിരക്ക് 0.6 ശതമാനമായിരുന്നപ്പോൾ, പക്ഷിപ്പനിയുടെ മരണനിരക്ക് 25-നും 50 ശതമാനത്തിനും ഇടയിൽ ആയിരിക്കുമെന്ന് റെഡ്ഫീൽഡ് പറഞ്ഞു. കഴിഞ്ഞ മാസമാണ് അമേരിക്കയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് മാസത്തിനുള്ളില്‍ ഈ രോഗം കറവപ്പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്നുണ്ടായിരുന്നു. ഡയറി ഫാം തൊഴിലാളികളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. വൈറസ് മനുഷ്യർക്കിടയിൽ പടരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റെഡ്ഫീൽഡ് വിശദീകരിച്ചു.
ഈയിടെ ഇന്ത്യയിലും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. നാലുവയസുള്ള കുട്ടിക്കാണ് എച്ച് 9 എൻ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യയിൽ മനുഷ്യരിലുണ്ടാകുന്ന പക്ഷിപ്പനിയുടെ രണ്ടാമത്തെ കേസാണിത്. 2019 ൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്‌തിരുന്നു.