newsdesk
മാവൂർ ∙ കുഴികളടച്ചു റീടാർ ചെയ്ത റോഡിനു നടുവിൽ വലിയ കുഴി. മാവൂർ തെങ്ങിലക്കടവ് അങ്ങാടിക്കു സമീപം കോഴിക്കോട് പ്രധാന റോഡിലാണ് സംഭവം. പ്രളയത്തെ തുടർന്ന് റോഡിലെ തകർന്ന ഭാഗങ്ങളിൽ 2 ദിവസമായി താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കാര്യാട്ട് താഴത്ത് റോഡ് താഴ്ന്നു പോയിരുന്നു. ഇതിനു സമീപമാണ് ഏറെ താഴ്ചയിൽ വലിയ കുഴി യാത്രക്കാർ കണ്ടത്. 3 മീറ്ററോളം താഴ്ചയുണ്ട്.
കഴിഞ്ഞ ദിവസം മെറ്റലിട്ടു നിരത്തി ടാറിട്ട ഭാഗത്താണ് റോഡിനു നടുവിൽ ഇതു പ്രത്യക്ഷപ്പെട്ടത്.വർഷങ്ങൾക്കു മുൻപ് റോഡിനു കുറുകെ സ്ഥാപിച്ച പഴയ സിമന്റ് പൈപ്പ് പ്രളയത്തിൽ പൊട്ടിയതിനാൽ ഈ വിടവിലൂടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. മാവൂർ മുതൽ തെങ്ങിലക്കടവ് പാലം വരെയുള്ള ഭാഗം റോഡ് പൂർണമായി തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് റോഡിന്റെ പരിഷ്കരണ പ്രവൃത്തി നടത്തിയിട്ടു 3 പതിറ്റാണ്ടിലേറെയായി.