Site icon CTV Online

രോഗങ്ങൾ അകറ്റാൻ ഡ്രൈഫ്രൂട്ട്സ്? തണുപ്പിൽ നിന്നും സംരക്ഷണം, പ്രതിരോധശേഷിയും കൂട്ടും!

തണുപ്പുകാലത്ത് ആരോഗ്യം നിലനിർത്താൻ ശക്തമായ ഒരു രോഗപ്രതിരോധ സംവിധാനം ആവശ്യമാണ്. സമീകൃതഭക്ഷണം ഏറെ പ്രധാനമാണെങ്കിലും ആവശ്യത്തിന് വിശ്രമവും ശാരീരികപ്രവർത്തനങ്ങളും പോഷകങ്ങൾ ധാരാളമടങ്ങിയ ഡ്രൈഫ്രൂട്ട്സ് അഥവാ ഉണക്കപ്പഴങ്ങളും ശരീരത്തിന് ആവശ്യമാണ്. തണുപ്പുകാലത്ത് പോഷകങ്ങളും ഊർജവും ശരീരത്തിനു വേണം. അതിനായി വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണം കഴിക്കണം. തണുപ്പുകാലത്ത് രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ഉണക്കപ്പഴങ്ങളെ അറിയാം.

  1. ബദാം
    ആന്റിഓക്സിഡന്റ് ആയ വൈറ്റമിൻ ഇ ധാരാളം അടങ്ങിയ ബദാം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ഓക്സീകരണ സമ്മർദത്തിൽ നിന്ന് കോശങ്ങളെ ഇത് സംരക്ഷിക്കും. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയ ബദാം പതിവായി കഴിക്കുന്നത് ഊർജനില വർധിപ്പിക്കും. ബദാം വെറുതെയോ വെള്ളത്തിൽ കുതിർത്തോ വറുത്തോ കഴിക്കാം
    .
  2. വാൾനട്ട്
    വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഇൻഫ്ലമേഷൻ കുറയ്ക്കും. വാൾനട്ടിൽ അടങ്ങിയ കോപ്പർ, മാംഗനീസ്, ആന്റിഓക്സിഡന്റുകൾ ഇവ തലച്ചോറിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. തണുപ്പുകാലത്ത് കഴിക്കാൻ ഏറ്റവും യോജിച്ച ഡ്രൈഫ്രൂട്ട് ആണ് വാൾനട്ട്. ഇത് ശരീരത്തിന് ചൂടും ഉന്മേഷവും നൽകും.
  3. ഈന്തപ്പഴം
    ഈന്തപ്പഴത്തിൽ ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ ഇവ ധാരാളമുണ്ട്. തണുപ്പുകാലങ്ങളിൽ ശരീരത്തിൽ ചൂട് നിലനിർത്താൻ ഇവ സഹായിക്കും. ഊർജം നിലനിർത്താനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈന്തപ്പഴം സഹായിക്കും. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഈന്തപ്പഴത്തിന് കഴിവുണ്ട്.
  4. അത്തിപ്പഴം
    നാരുകൾ, കാത്സ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ അത്തിപ്പഴത്തിൽ ധാരാളമുണ്ട്. ഊർജനില നിലനിർത്താനും പ്രതിരോധശക്തി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും എല്ലുകളുടെ ആരോഗ്യത്തിനും അത്തിപ്പഴം സഹായിക്കും. തണുപ്പുകാലത്ത് അത്തിപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. കുതിർ‍ത്തതോ ഉണക്കിയോ ഇത് കഴിക്കാവുന്നതാണ്.
  5. ഉണക്കമുന്തിരി
    അയൺ, പോളിഫിനോളുകൾ, ആന്റിഓക്സിഡന്റുകൾ ഇവ ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. ഓക്സീകരണ സമ്മർദം കുറയ്ക്കാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഉണക്കമുന്തിരി സഹായിക്കും. ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ചൂടു പാലിനൊപ്പമോ സെറീയൽസിനൊപ്പമോ നട്സിനൊപ്പമോ ഉണക്കമുന്തിരി കഴിക്കാം.
  6. പിസ്ത
    പ്രോട്ടീൻ, വൈറ്റമിൻ ബി6, ധാതുക്കൾ തുടങ്ങിയവ പിസ്തയിലുണ്ട്. വൈറ്റമിൻ ബി6 രോഗപ്രതിരോധശക്തി വർധിപ്പിക്കും. തണുപ്പുകാലത്ത് കഴിക്കാവുന്ന മികച്ച ഒരു ലഘുഭക്ഷണമാണ് പിസ്ത.
  7. ഉണക്കിയ ആപ്രിക്കോട്ട്
    രോഗപ്രതിരോധശക്തി വർധിപ്പിക്കാനും കാഴ്ചശക്തിക്കും ചർമത്തിന്റെ ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങൾ ഉണക്കിയ ആപ്രിക്കോട്ടിലുണ്ട്. ബീറ്റാകരോട്ടിൻ, വൈറ്റമിൻ എ, പൊട്ടാസ്യം എന്നിവയാണവ. ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ആപ്രിക്കോട്ട് തണുപ്പുകാലത്ത് ഏറെ മികച്ച ഒരു ലഘുഭക്ഷണമാണ്.
  8. മഖാന (Fox nuts)
    സാധാരണയായി സീഡ്സുകൾക്കൊപ്പം പറയുന്ന ഒന്നാണ് മഖാന. തണുപ്പുകാലത്തെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നായി ഇന്ന് ഇത് മാറിക്കഴിഞ്ഞു. മഖാനയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം, സസ്യാധിഷ്ഠിത പ്രോട്ടീനുകൾ എന്നിവ ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായിക്കും. തണുപ്പുകാലത്ത് കഴിക്കാവുന്ന മികച്ച ഒരു ലഘുഭക്ഷണമാണ് മഖാന.
Exit mobile version