
newsdesk
കോഴിക്കോട്∙ ബീച്ചിലെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ (തെരുവു ഭക്ഷണ വിൽപന കേന്ദ്രം) തട്ടുകടയുടെ മാതൃക തയാറായി. കോർപറേഷനു വേണ്ടി ഡി എർത്ത് ആർകിടെക്റ്റ് എന്ന സ്ഥാപനം രൂപകൽപന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമിച്ച തട്ടുകടയുടെ മാതൃകയാണ് കോർപറേഷൻ ഓഫിസ് വളപ്പിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കടൽക്കാറ്റേറ്റ് തുരുമ്പ് പിടിക്കാതിരിക്കാൻ ഗുണമേന്മയുള്ള സ്റ്റീൽ ഉപയോഗിച്ചാണ് നിർമാണം. 4–6 ചതുരശ്രഅടി വിസ്തീർണമുള്ള ഇത്തരത്തിലുള്ള 90 തട്ടുകടകളാണ് ബീച്ചിലെ ഭക്ഷണത്തെരുവിൽ സ്ഥാനം പിടിക്കുക.
ആകാശവാണി നിലയത്തിനും ബീച്ച് ആശുപത്രിക്കും എതിർവശത്തെ ബീച്ചിൽ മണലെടുത്തു നീക്കിയാണ് ഈ തട്ടുകടകൾ സ്ഥാപിക്കുക. ഒരു തട്ടുകടയ്ക്ക് 2 ലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്നാണ് കണക്ക്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ദേശീയ ആരോഗ്യദൗത്യം (നാഷനൽ ഹെൽത്ത് മിഷൻ), കോർപറേഷൻ എന്നിവ ചേർന്നാണ് ബീച്ചിലെ തെരുവ് ഭക്ഷണ വിൽപന കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. 90 വഴിയോര കച്ചവടക്കാർക്കാണ് പദ്ധതിയുടെ ഭാഗമായി ബീച്ചിൽ സൗകര്യമൊരുക്കുന്നത്. ആദ്യം കോർപറേഷൻ വെൻഡിങ് സോൺ മാത്രം നടപ്പാക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും പിന്നീട് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫുഡ് സ്ട്രീറ്റ് ഹബ് കൂടി ചേർത്ത് ഒറ്റ പദ്ധതിയായി നടപ്പാക്കാൻ തീരുമാനിച്ചു.
4.06 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 2.41 കോടി രൂപ ദേശീയ നഗര ഉപജീവനദൗത്യം വഴിയും ഒരു കോടി രൂപ ഭക്ഷ്യ സുരക്ഷാ വകുപ്പും അനുവദിക്കും. ഒരേ മാതൃകയിൽ എല്ലാ സൗകര്യങ്ങളുമുള്ള വണ്ടികളാണ് ഇതുപ്രകാരം ബീച്ചിൽ വയ്ക്കുക. നവംബർ 1 നു പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
