Site icon CTV Online

ബിബിസി വൈറല്‍ പട്ടികയില്‍ ഇടംപിടിച്ച് ജാനകി-നവീന്‍ റാസ്പുടിന്‍ ഡാന്‍സ്

Web Desk

ബിബിസിയുടെ ഇയര്‍എന്‍ഡ് വീഡിയോയില്‍ ഇടംപിടിച്ച് ജാനകിയുടേയും നവീനിന്റേയും റാസ്പുടിന്‍ വീഡിയോ. 2021 ല്‍ വൈറലായ വീഡിയോകളുടെ പട്ടികയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിന്റേയും നവീന്‍ റസാഖിന്റേയും റാസ്പുടിന്‍ വീഡിയോയും ഉള്‍പ്പെട്ടത്. ഏപ്രില്‍ മാസത്തിലായിരുന്നു വൈറലായ വീഡിയോ പുറത്തിറങ്ങിയത്. വീഡിയോയ്‌ക്കെതിരെ അന്ന് സംഘ്പരിവാര്‍ വലിയ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. ജാനകിയുടേയും നവീനിന്റേയും മതത്തെ പരാമര്‍ശിച്ചാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്. വിഷയം വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മറ്റൊരു ഡാന്‍സ് വീഡിയോയുമായാണ് നവീനും ജാനകിയും പ്രതികരിച്ചത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന പാട്ടിന്റെ റിമിക്‌സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

Exit mobile version