ബാലുശ്ശേരിയിൽ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് ലഹരി മാഫിയയുടെ ആക്രമണം; ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് ആക്രമിച്ചത് കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ

ബാലുശേരി: ക്ഷേത്ര സന്ദർശനത്തിനിടെ എക്സൈസ് അസിസ്റ്റന്‍റ് കമീഷണർക്ക് ആക്രമണം. ടി.എം ശ്രീനിവാസനെയാണ് ലഹരി മാഫിയ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. എക്സൈസിന്‍റെ കോഴിക്കോട് വിമുക്തി വിഭാഗം അസിസ്റ്റന്‍റ് കമീഷണറാണ് ഇദ്ദേഹം. കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം.

മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് തലക്കും മുഖത്തും സാരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. വൈകിട്ട് ഏഴ് മണിയോടെയാണ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടിഎം ശ്രീനിവാസനു നേരെ ലഹരി മാഫിയ ക്രൂരമായ ആക്രമണം നടത്തിയത്. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു ലഹരി മാഫിയയുടെ ആക്രമണം. അസിസ്റ്റന്‍റ് കമ്മീഷണറെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലക്കും മുഖത്തും കണ്ണിനും പരിക്കുണ്ട്. ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി.

പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിടി സ്കാന്‍എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പത്ത് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലുശേരി പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന വകുപ്പിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ആക്രമിച്ച സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇവര്‍ ബാലുശേരി സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

error: Content is protected !!