newsdesk
കോഴിക്കോട് ∙ യാത്രയ്ക്കിടെ ഓട്ടോയിൽ വയോധികയെ ആക്രമിച്ച് മാല കവർന്നശേഷം റോഡിൽ തള്ളിയിട്ട കേസിലെ പ്രതി ടൗൺ പൊലീസിന്റെ പിടിയിൽ. കുണ്ടായിത്തോട് കുളത്തറമ്മൽ ഉണ്ണികൃഷ്ണൻ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകാൻ ഓട്ടോയിൽ കയറിയ വയനാട് ഇരുളം സ്വദേശി ജോസഫീനയാണ് (67) ആക്രമിക്കപ്പെട്ടത്.
കെഎസ്ആർടിസിയിലേക്കു പോകാൻ ആവശ്യപ്പെട്ടാണ് ഓട്ടോയിൽ കയറിയത്. എന്നാൽ ഏറെ നേരം ഓടിയിട്ടും സ്ഥലത്തെത്തിയില്ല. സംശയം തോന്നി ഓട്ടോക്കാരനോട് നിർത്താൻ പറഞ്ഞെങ്കിലും ഡ്രൈവർ മറ്റു വഴികളിലൂടെ പോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ഡ്രൈവർ ഒരു കൈ പിറകുവശത്തേക്കു നീട്ടി മാല പൊട്ടിച്ചു. തടുക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫീനയെ ഓട്ടോയിൽനിന്ന് തള്ളിയിട്ടു. 2 പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. മാല കണ്ടെത്താനായില്ല. വീഴ്ചയിൽ ജോസഫീനയുടെ 2 പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനു പരുക്കേറ്റു.
സിസിടിവി പരിശോധിച്ചെങ്കിലും മഴയായതിനാൽ കൃത്യമായ ദൃശ്യങ്ങൾ ലഭിച്ചില്ല. അഞ്ഞൂറോളം ഓട്ടോറിക്ഷകൾ പൊലീസ് നിരീക്ഷിച്ചു. രാത്രിയിൽ മാത്രം സർവീസ് നടത്തുന്ന ഡ്രൈവർമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്. ഉണ്ണികൃഷ്ണൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അപകടത്തിൽപ്പെടുന്നവരെയും മറ്റും ആശുപത്രികളിൽ എത്തിക്കുന്നതിലും സന്നദ്ധനായിരുന്നു. കൂടുതൽ അന്വേഷണത്തിൽ ഇയാൾ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചു. മുൻപും ഇയാൾക്കെതിരെ കേസുണ്ടായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.