newsdesk
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാകുന്ന അനുഭവങ്ങൾക്ക് ജനങ്ങൾക്ക് റേറ്റിംഗ് നൽകാൻ അവസരം. പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് തന്നെ നേരിട്ട് പരാതിക്കാരനെ ഫോണിൽ വിളിച്ചു റേറ്റിംഗ് ആവശ്യപ്പെടുന്നതാണ് കേരള പോലീസ് അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതി.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്കായി പുതിയ പ്രത്യേക പോലീസ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. സ്റ്റേഷനിൽ പരാതി നൽകാൻ എത്തുമ്പോൾ സ്വീകരിച്ച നടപടികളെക്കുറിച്ചും പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ചും എല്ലാം പരാതി നൽകാൻ എത്തിയവരെ ഫോണിൽ വിളിച്ച് അഭിപ്രായം ആരായുന്നതാണ്. തുടർന്ന് ഒന്നു മുതൽ പത്ത് വരെയുള്ള അക്കങ്ങളിൽ നിന്നും സേവനം ഇഷ്ടപ്പെട്ടതിനനുസരിച്ച് താല്പര്യമുള്ള റേറ്റിംഗും നൽകാവുന്നതാണ്.
നിലവിൽ എറണാകുളം റൂറൽ ജില്ല അടിസ്ഥാനമാക്കിയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 5 സബ് ഡിവിഷനിൽ ആയി 34 പോലീസ് സ്റ്റേഷനുകളും വനിതാ സെല്ലും സൈബർ സെല്ലും ഉൾപ്പെടുന്നതാണ് എറണാകുളം റൂറൽ ജില്ല. ഇവിടെയെത്തുന്ന എല്ലാ പരാതിക്കാരെയും പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും വിളിച്ച് പരാതി പറയാൻ എത്തിയ സമയത്ത് പോലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ച സമീപനം, രസീത് ലഭിച്ചോ, നടപടി സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതാണ്.