Site icon CTV Online

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ അർധരാത്രി മുതൽ ഓട്ടോ-ടാക്സി പണിമുടക്ക്

കോഴിക്കോട്: ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ (നവംബർ 11) അർധരാത്രി ആരംഭിക്കും. വ്യാഴാഴ്ച (നവംബർ 12) രാത്രി 12 മണിവരെയാണ് പണിമുടക്ക്. ഓട്ടോയുടെ മിനിമം നിരക്ക് നിലവിലെ 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം.

നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചതായും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവ ഉയർന്നതായും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവിന് ആനുപാതികമായി യാത്രാനിരക്കുകൾ പുതുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ഡി.ടി.യു, കെ.ടി.യു.സി-എം, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബി.എം.എസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾക്ക് രാവിലെ 10 മണിവരെ സർവീസ് നടത്താൻ അനുമതിയുണ്ട്. ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രാ സർവീസുകളെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സമരവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് സർക്കാർ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. ചർച്ചയ്ക്ക് സർക്കാർ തയ്യാറായാൽ പങ്കെടുക്കുമെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. പണിമുടക്ക് പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ച സംസ്ഥാനത്ത് ഓട്ടോ-ടാക്സി യാത്രക്കാർക്ക് ഗതാഗത തടസ്സം നേരിടാൻ സാധ്യതയുണ്ട്.

Exit mobile version