Site icon CTV Online

കേരളം കാത്തിരിക്കുന്ന മധു വധക്കേസ് ശിക്ഷാ വിധി നാളെ

WebDesk

ദേശീയ തലത്തിൽ ചർച്ചയായ അട്ടപ്പാടി മധുക്കേസില്‍ കേരളം കാത്തിരുന്ന ശിക്ഷാവിധി കോടതി നാളെ പ്രസ്താവിക്കും. മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. മധുക്കേസിലെ ആദ്യ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. നാലാം പ്രതിയുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന് മാറ്റിവച്ച കോടതി അഞ്ചാം പ്രതിയും ആറാം പ്രതിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കേസിന്റെ അന്തിമവാദം മാര്‍ച്ച് 10 നു പൂര്‍ത്തിയായിരുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം.
സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവം വരുന്നത്. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 16 പ്രതികളാണ് കേസില്‍ ഉള്ളത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.
സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസംകൊണ്ട് 185 സിറ്റിങ്ങോടെയാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മുപ്പത് വയസുകാരനായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകവെ മരണപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്.

Exit mobile version