
newsdesk
താമരശേരി: വിനോദ യാത്ര കഴിഞ്ഞു തിരികെ വരികയായിരുന്ന സംഘത്തിന് നേരെ ആക്രമണം. ചേളന്നൂർ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തിയാണ് യുവാക്കൾ ആക്രമണം നടത്തിയത്. സംഭവത്തിൽ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ചുരം മൂന്നാം വളവില്‍ ആയിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 അംഗ സംഘം സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്. ഒരു സംഘം ബസ്സിനുള്ളിൽ കയറി കുട്ടികളെയടക്കം മർദിക്കുകയും ഒരു സ്ത്രീയുടെ ഫോൺ കവർച്ച ചെയ്യുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
മൂന്നാം വളവില്‍ വെച്ച് ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു തീർക്കുകയും അപ്പോള്‍ തന്നെ പോകുകയും ചെയ്തിരുന്നു, ഈസമയം ചുരം കയറുകയായിരുന്ന കാറില്‍ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് കാർ തിരിച്ച് ബസ്സിനെ പിന്തുടരുകയുമായിരുന്നു.
കാറില്‍ ഉണ്ടായിരുന്നവരും ഇവർ ഫോണില്‍ വിളിച്ച് കൂട്ടിയവരും ചേർന്നാണ് ആക്രമം നടത്തിയത്. തർക്കത്തിനിടെ പരുക്കേറ്റ ബസ് യാത്രക്കാരായ രഞ്ജിൻ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുല്‍ ദേവ് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പങ്കാളികളായ അജ്മല്‍, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെ പോലീസ് പിടികൂടി.
