newsdesk
മുക്കം : പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഐശ്വര്യത്തിന്റെയും സമ്പദ്സ മൃദ്ധിയുടെയും ആഘോഷമായ ഓണത്തെ വരവേല്‍ക്കാൻ നാടും നഗരവും ഒരുങ്ങി. മുറ്റത്ത് പൂക്കളമൊരുക്കി പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ഇനി പൂവിളികളുടെ നാളുകള്‍. വയനാട്ടിലെയും വിലങ്ങാട്ടെയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഒണാഘോഷങ്ങൾക്ക് നിറം കുറയും. സർക്കാരിൻ്റെ പരിപാടികൾക്ക് നിയന്ത്രണമുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷ പരിപാടികൾ പരിമിതപ്പെടാനാണ് സാധ്യത. ഇത് ഏറ്റവുമധികം ബാധിക്കുന്നത് പൂക്കച്ചവടക്കാരെയാവും. പൂക്കള്‍ക്ക് വലിയ വിലയാണെങ്കിലും വില മറന്ന് പൂ വാങ്ങാൻ മലയാളികൾ എത്തുമെന്ന പ്രതീക്ഷയിലാണ് പൂക്കച്ചവടക്കാർ.
നാട്ടിൻപുറത്തെല്ലാം മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരുമായി നിരവധി പേർ രംഗത്തുണ്ട്. തമിഴ്നാട്ടിലെ മേട്ടുപാളയം, കർണാടകയിലെ ഗുണ്ടല്‍പേട്ട്, ബംഗളൂരു, കോയമ്ബത്തൂർ എന്നിവിടങ്ങളില്‍ നിന്നും ജില്ലയിലേക്ക് പൂക്കള്‍ എത്തുന്നത്. ചുവന്ന ചെട്ടിയാണ് ഇത്തവണയും താരം. കൂടുതലായി എത്തിയതും ഇവ തന്നെ. കിലോയ്ക്ക് 50 മുതലാണ് ഇവയുടെ വില. ഇത്തവണ വില അല്‍പ്പം കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ഡാലിയ, വെല്‍വെറ്റ് പൂക്കള്‍ എന്നിവയ്ക്ക് വില അല്‍പ്പം കൂടുതലുണ്ട്. എല്ലാ പൂക്കളും ചേർത്ത് 50 രൂപ മുതലുള്ള കിറ്റും വില്‍പ്പനയ്ക്കുണ്ട്. വാടാമല്ലിയും ചെണ്ടുമല്ലിയുമാണ് തമിഴ്നാട്ടില്‍ നിന്ന് കൂടുതലെത്തുന്നത്.
തമിഴ്നാട്ടില്‍ നിന്ന് വരുന്ന പൂക്കള്‍ക്ക് വില താരതമ്യേന കുറവായതിനാല്‍ ആവശ്യക്കാരും ഏറെയാണ്. ഇത്തവണ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും.
ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.