
newsdesk
കോഴിക്കോട്: ഓണത്തെ വരവേൽക്കാൻ പൂ വിപണി ഒരുങ്ങി. ഇത്തവണയും മലയാളിക്ക് പൂക്കളം ഒരുക്കാൻ മറുനാടൻ പൂക്കളെന്ന പതിവു കാഴ്ചയിൽ മാറ്റമൊന്നുമില്ല. ബംഗളൂരു, ഗുണ്ടൽപ്പേട്ട എന്നിവിടങ്ങളിൽ നിന്നാണ് പൂക്കളെത്തുന്നത്.
ചെണ്ടുമല്ലി, ജമന്തി, വാടാർമല്ലി, റോസ് തുടങ്ങി വിവിധ തരം പൂക്കൾ വിപണിയിൽ വന്നുതുടങ്ങി. ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 50 രൂപയാണ് വില. വാടാർമല്ലി 100, റോസ്, ജമന്തി, ഡാലിയ എന്നിവയ്ക്ക് 200 രൂപ നൽകണം. പൂവിപണിയുടെ തുടക്കമായതിനാലാണ് വില അൽപം കുറവെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ ഓണക്കാലത്തെ അപേഷിച്ച് ഇത്തവണ വില കുറവുണ്ടെങ്കിലും അത്തമായിട്ടും പൂക്കൾ വാങ്ങാൻ ആളുകൾ കുറവാണെന്ന പരിഭവം കച്ചവടക്കാർക്കുണ്ട്. കോളേജുകളിലും സ്കൂളുകളിലും മറ്റും ഓണാഘോഷവും പൂക്കള മത്സരങ്ങളും തുടങ്ങുതോടെ കച്ചവടം കൂടുമെന്ന പ്രതീഷയിലാണ് വ്യാപാരികൾ.
തിരുവോണം ആവുമ്പോഴേക്കും പലതരം പൂക്കൾ ഇനിയുമെത്തും. അങ്ങനെ കർക്കിടക അറുതി ഒക്കെ കഴിഞ്ഞു ,ഇനി പൂവും പൂക്കളുമായി മലയാളികൾ ഇനി ഓണം ആഘോഷിക്കാനുള്ള തിരക്കിലേക്ക് ……എല്ലാ മലയാളികൾക്കും സന്തോഷത്തിന്റെയും സമ്പൽ സമർദ്ധിയുടെയും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു .
