
newsdesk
കോഴിക്കോട്: നിയമസഭാ പൊതുതിരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായതായി ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. സുരക്ഷിതവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പൂർണ്ണ സജ്ജമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ 13 നിയമസഭ മണ്ഡലങ്ങളിലായി (വടകര മുതൽ തിരുവമ്പാടി വരെ) ആകെ 26,57,478 വോട്ടർമാരാണുള്ളത്. സ്ത്രീ വോട്ടർമാർ: 13,59,102, പുരുഷ വോട്ടർമാർ: 12,98,343, ട്രാൻസ്ജൻഡർ: 33, പ്രവാസി വോട്ടർമാർ: 57,679, കന്നി വോട്ടർമാർ (18-19 വയസ്സ്): 56,127 എന്നിങ്ങനെയാണ് കണക്ക്. ജില്ലിൽ ആകെ 2,837 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്.
ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും തിരഞ്ഞെടുപ്പിനായി പ്രത്യേകം ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി മാത്രമായിരിക്കണം. ജില്ലയിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിചിട്ടുണ്ട്. ലൈസൻസുള്ള ആയുധങ്ങൾ നിശ്ചിത പോലീസ് സ്റ്റേഷനുകളിൽ ഉടൻ ഹാജരാക്കേണ്ടതാണ്. സർക്കാരിന്റെ പുതിയ പദ്ധതികൾ, ഉദ്ഘാടനങ്ങൾ, വോട്ടർമാരെ സ്വാധീനിക്കുന്ന പരസ്യങ്ങൾ എന്നിവ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ മോണിറ്ററിംഗ് ആൻഡ് മീഡിയ സർട്ടിഫിക്കേഷൻ (എം.സി.എം.സി) നിർബന്ധമാണ്. ഇതിനായി എം.സി.എം.സി ടീമും മീഡിയ സെല്ലും സജ്ജമാണ്.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യാനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. അർഹരായ വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ളവർ, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ എന്നിവർക്ക് ‘ഫോം 12ഡി’ സമർപ്പിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ ബി.എൽ.ഒ മുഖേന അപേക്ഷ നൽകണം.
സ്ഥാനാർഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്നതിനായും വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം പാരിതോഷികങ്ങൾ എന്നിവ കൊണ്ടു പോകുന്നത് തടയുന്നതിനായും ജില്ലയിൽ വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും മൂന്നു ഫ്ളയിംഗ് സ്‌കാഡുകൾ എന്ന തോതിൽ ജില്ലയിൽ 39 ഫ്ളയിംഗ് സ്‌കാഡുകൾ, 39 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പ്രവർത്തനസജ്ജമാണ്. 26 വീഡിയോ സർവൈലൻസ് ടീമും, 13 വീഡിയോ നിരീക്ഷണ ടീമും പ്രവർത്തിക്കും. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാൻ അതിർത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ് ഉപയോഗിക്കാം. ഇതിലൂടെ ലഭിക്കുന്ന പരാതികളിൽ 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും. സംശയങ്ങൾക്കായി 1950 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ഇ വി എമ്മുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി. 3550 ബാലറ്റ് യൂണിറ്റും, 3550 കൺട്രോൾ യൂണിറ്റും 3830 വിവിപാറ്റുകളും സജ്ജമാണ്.
