
Web Desk
വക്കീല്‍ ഓഫീസിലെ വനിതാ ക്ലാര്‍ക്കിനെ അക്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷെഫീറിനെതിരേ പോലീസ് കേസെടുത്തു. നെടുമങ്ങാട് പോലീസാണ് കേസെടുത്തത്. അഭിഭാഷകനായ ബി.ആര്‍.എം. ഷെഫീര്‍ ദേഹത്തുപിടിച്ച് തള്ളിയിട്ടു എന്നതടക്കം ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. അതേസമയം, പരാതിയില്‍ കഴമ്പില്ലെന്നും നേരത്തെ ഒത്തുതീര്‍പ്പാക്കിയതാണെന്നും ബി.ആര്‍.എം. ഷെഫീര്‍ പ്രതികരിച്ചു. തന്റെ ഓഫീസില്‍നിന്ന് ചില പ്രമാണങ്ങള്‍ കാണാതായ സംഭവത്തില്‍ നേരത്തെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതിനുപിന്നാലെയാണ് ജീവനക്കാരി തനിക്കെതിരേ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ 18 കൊല്ലമായി നെടുമങ്ങാട് കോടതിയില്‍ അഭിഭാഷകനാണ്. നിരവധി ബാങ്കുകളുടെ ലീഗല്‍ അഡൈ്വസറുമാണ്. ബാങ്കില്‍നിന്ന് വായ്പ ലഭിക്കാന്‍ നല്‍കിയ അപേക്ഷയും നാല് പ്രമാണങ്ങളും അടങ്ങുന്ന ഫയല്‍ അടുത്തിടെ ഓഫീസില്‍നിന്ന് കാണാതായി. ഈ സംഭവത്തില്‍ രണ്ടാംതീയതി ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. ജീവനക്കാരെ അടക്കം പോലീസ് ചോദ്യംചെയ്തു. പരാതി നല്‍കിയ ദമ്പതിമാരും തന്റെ ഓഫീസില്‍ എട്ടുകൊല്ലമായി ജോലിചെയ്യുന്നവരാണ്. അവരെയും ചോദ്യംചെയ്തു. പത്താം തീയതി നെടുമങ്ങാട് സി.ഐ.യും ഷെഫീറും ഉപദ്രവിക്കുന്നതായി ഓഫീസിലെ ദമ്പതിമാരായ ക്ലാര്‍ക്കുമാര്‍ റൂറല്‍ എസ്.പി.ക്ക് മുമ്പാകെ പരാതി നല്‍കി. പിന്നീട് ബാര്‍ അസോസിയേഷന്‍ ഇടപെട്ട് രണ്ടുപരാതികളും ഒത്തുതീര്‍പ്പാക്കി. നഷ്ടപ്പെട്ട പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് എടുക്കാമെന്നും രണ്ട് പരാതികളും പിന്‍വലിക്കാമെന്നുമായിരുന്നു ധാരണ. അതിനാല്‍ ഇതെല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ബി.ആര്‍.എം. ഷെഫീര്‍ പറഞ്ഞു
