Site icon CTV Online

ആര്യൻ ഖാൻ കേസ്; വിവാദ സാക്ഷി സ്വകാര്യ ഡിറ്റക്ടീവ് ഗോസാവി പിടിയിൽ

Web Desk

ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരണ്‍ ഗോസാവി അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ പുണെ പൊലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. 2018 ലെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പൊലീസ് ഗോസാവിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന് ദിവസം മുന്‍പ് പറഞ്ഞിരുന്നു. മുംബൈ പൊലീസില്‍ വിശ്വാസമില്ലെന്നും ഭയമാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഉത്തർപ്രദേശിൽ കീഴടങ്ങാൻ സാധിക്കില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

ആഡംബര കപ്പലില്‍ എന്‍സിബി (നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ) റെയ്ഡ് നടത്തുമ്പോൾ ഗോസാവിയും ഉദ്യോഗസ്ഥ സംഘത്തിനൊപ്പമുണ്ടായിരുന്നു. ഷാറുഖ് ഖാനില്‍ നിന്ന് ഗോസാവി കോടികള്‍ ആവശ്യപ്പെട്ടുവെന്ന് കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയിരുന്നു. ആര്യന്‍ ഖാന്‍ പിടിയിലായ കപ്പലിലും പിന്നീട് എന്‍സിബി ഓഫിസിലും ആര്യൻ ഖാനൊപ്പമുള്ള ഗോസാവിയുടെ ഫോട്ടോകൾ പ്രചരിച്ചിരുന്നു. ഷാറുഖ് ഖാനില്‍നിന്ന് 18 കോടി രൂപ വാങ്ങിയെടുക്കാമെന്നും ഇതില്‍ എട്ട് കോടി എൻസിബി മുംബൈ മേധാവിയായ സമീര്‍ വാങ്കഡെയ്ക്ക് നൽകണമെന്നും ഗോസാവി ഫോണില്‍ പറയുന്നത് കേട്ടുവെന്നും പ്രഭാകര്‍ സെയില്‍ പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച ഗോസാവി ഫോൺ റെക്കോഡുകൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. മുംബൈയില്‍ എത്തിച്ച ശേഷം ഇയാളെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടേക്കും.

Exit mobile version