അർ‌ജുൻ ഇനി ഓർമ്മ, കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരുമടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലാണ് സംസ്‌കരിച്ചത്. അർജുന്റെ സഹോദരൻ അഭിജിത്ത് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. മന്ത്രി കെ ബി ഗണേഷ് കുമാർ അടക്കം രാഷ്ട്രീയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജന്മനാടുനൽകിയ യാത്രാമൊഴിയോടെയാണ് അർജുൻ എന്ന മുപ്പതുകാരൻ വിടവാങ്ങിയത്. മൃതദേഹം പൊതുദർശനത്തിന് വച്ചതിനുശേഷമായിരുന്നു സംസ്‌കാരം. അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്.രാവിലെ ആറര മണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രി എ കെ ശശീന്ദ്രൻ, കോഴിക്കോട് ജില്ലാ കളക്ടർ തുടങ്ങിയവർ ചേർന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ നൽകും. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ തുക അർജുന്റെ അമ്മയെ ഏല്പിക്കും. സംസ്‌കാര ചടങ്ങിന് ശേഷമേ അദ്ദേഹം മടങ്ങൂ എന്നാണ് വിവരം.ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!