newsdesk
ബംഗളൂരു : മിഷൻ അർജുൻ നിർണായക ഘട്ടത്തിൽ. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തെരച്ചിൽ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു. മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം അൽപ്പസമയത്തിനുളളിൽ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കൂടുതൽ സംഘങ്ങളും ഉടൻ എത്തും.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കാത്തിരിക്കുകയാണ് കേരളമാകെ. ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തിൽ കാബിനുളളിൽ അർജുൻ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൌത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ആളുണ്ടെങ്കിൽ പുറത്തേക്ക് എത്തിക്കും. അതിന് ശേഷമാകും ലോറി ഉയർത്തുക.
ഇന്ന് നിർണായകം, ലോറി കാബിനിൽ അർജുനുണ്ടോ എന്ന് ആദ്യം ഉറപ്പാക്കും, ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് ദൗത്യസംഘം
അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കരയിൽ നിന്നും 40 അടി അകലെ 15 മീറ്റർ ആഴത്തിലാണ് ലോറി കിടക്കുന്നത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു.