മലയാളികളുടെ തെരച്ചിൽ വേണ്ട, സൈന്യം മാത്രം മതി; രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ളവരോട് മടങ്ങാൻ പൊലീസ്

കാർവാർ: മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് പൊലീസ് തിരികെപ്പോകാൻ നിർദ്ദേശിച്ചത്. സ്ഥലത്ത് ഇന്ത്യൻ സൈന്യം മാത്രം മതിയെന്നും അരമണിക്കൂറിനുള്ളിൽ മറ്റുള്ളവർ സ്ഥലത്ത് നിന്ന് മാറാനുമാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസവും സ്ഥലത്ത് തുടരുകയാണ്.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘമാണ് കർണാടകയിൽ എത്തിയത്. എന്റെ മുക്കം, കർമ ഓമശേരി, പുൽപ്പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളിൽപ്പെട്ട 18പേരാണ് ഇന്ന് പുലർച്ചെ രണ്ടോടെ സംഭവസ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവർ കരുതിയിരുന്നു.

അർജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ മുതൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധമായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതുവരെ പോകാതിരുന്നതെന്ന് ഇവർ പറയുന്നു.നേരത്തെ ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹസാന്നിദ്ധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. മുൻപ് അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലോഹ സാന്നിദ്ധ്യം കണ്ടെത്തിയത്.

അർജുനുവേണ്ടിയുളള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്നാണ് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങൾ ഇന്ന് ലഭിക്കുമെന്നും കളക്ടർ പറഞ്ഞു.

error: Content is protected !!