
newsdesk
അരീക്കോട്: കാറിലും ബൈക്കിലും കടത്താൻശ്രമിച്ച 36 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ അരീക്കോട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഓമശ്ശേരി മുഹമ്മദ് ഷാഫി (32), മലപ്പുറം സ്വദേശി ആഷിഷ് ബാബു (44) എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ. എം. അബ്ബാസലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
അരീക്കോട് പത്തനാപുരം തേക്കിൻചുവട് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഷാഫി കാറിൽ കടത്താൻ ശ്രമിച്ച 26,31,000 രൂപ പിടികൂടിയത്. തുടർന്ന് കിളിക്കല്ലിങ്ങൽവെച്ച് ആഷിഷ് ബാബുവിൽനിന്ന് പത്തുലക്ഷം രൂപയും പിടികൂടി. ഇയാൾ ഈ തുക ബൈക്കിൽ രഹസ്യമായി കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിടികൂടിയ തുക തുടർനടപടികൾ പൂർത്തിയാക്കി മഞ്ചേരി കോടതിയിൽ ഹാജരാക്കിയശേഷം കേസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. എസ്.ഐ. അബ്ദുൽ അസീസ്, പോലീസുദ്യോഗസ്ഥരായ ബിജു, രാഹുലൻ, അനിൽ, അനീഷ്, വൈശാഖ്, സജീഷ്, മനു പ്രസാദ്, അനില എന്നിവരടങ്ങുന്ന സംഘമാണ് കുഴൽപ്പണം പിടിച്ചെടുത്തത്.
