
NEWSDESK
കോഴിക്കോട് : “ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിലിന്റെ” ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട് നടക്കും. സംഗീത നിശയുടെ തീയതി, സമയം തുടങ്ങിയവ ഈ വരുന്ന ഡിസംബറിൽ എ ആർ റഹ്മാൻ തന്നെ നേരിട്ട് പ്രഖ്യാപിക്കും. പ്രശസ്ത സംവിധായകൻ ബ്ലെസ്സിയുടെ നേതൃത്വത്തിലുള്ള വിഷ്വൽ റൊമാൻസ്, കേരള ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, ജി എസ് ടി ഡിപ്പാർട്ട്മെന്റ്, ലിമാക്സ് അഡ്വർടൈസേഴ്സ്, ഇംപ്രസാരിയോ എന്നിവരാണ് പരിപാടിയുടെ സംഘാടക പങ്കാളികൾ. സംഗീത പെരുമയുടെ പാരമ്പര്യമുള്ള കോഴിക്കോട് വെച്ച് പരിപാടി നടത്തുന്നതിൽ സന്തോഷം ഉണ്ടെന്നും എത്രപേർ പങ്കെടുക്കുന്നു എന്നതിനേക്കാൾ പ്രാധാന്യം എത്രപേർ ആസ്വദിക്കുന്നു എന്നതിൽ ആണെന്നും സംവിധായകൻ ബ്ലെസ്സി പറഞ്ഞു.
ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ അത്ഭുത പ്രതിഭയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാനായി 40000 ലേറെ സംഗീതാ ആസ്വാദകർ കോഴിക്കോട് എത്തും.ആധുനിക സാങ്കേതികവിദ്യകളും ഹൈ- എൻഡ് ലേസർ ലൈറ്റിംഗും, സൗണ്ട് എഫക്ടുകളുമായാണ് ഷോയ്ക്കായി ഒരുക്കുന്നത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി രൂപകല്പന ചെയ്ത OLOPO ആപ്പു വഴി നടക്കുന്ന പർച്ചേസുകളുടെ ഉപഭോക്താക്കൾക്ക് അവരുടെ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് പരിപാടിയുടെ ടിക്കറ്റുകൾ വാങ്ങാൻ കഴിയും. കൂടാതെ വിവിധ ബുക്കിംഗ് ഫ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാകും. കേരളത്തിലെ ഷോപ്പിംഗ് രീതികളെ മാറ്റിമറിക്കുന്നതാണ് ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ പുതിയ സീസൺ. ഫെസ്റ്റിവലിന്റെ ഭാഗമായി പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 17. 5 കിലോ സ്വർണമാണ് സമ്മാനമായി ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം 115 കോടി രൂപയുടെ ഫ്രീ ഷോപ്പിംഗും നൽകുന്നുണ്ട്.