NEWSDESK
കൊച്ചി: പേര് ആതിര.. വയസ് 30. പ്രഷറിന്റെ ഗുളിക ജ്യൂസിൽ കലക്കി നൽകി മയക്കിയ ശേഷം 12.5 പവന്റെ സ്വർണാഭരണങ്ങൾ തട്ടി. കൊല്ലം അഴീക്കൽ സ്വദേശിയായ യുവജ്യോത്സ്യൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച എളമക്കര പൊലീസിന് പ്രതിയിലേക്കെത്താൻ മുന്നിലുണ്ടായിരുന്നത് ഒരേയോരു തുമ്പ് മാത്രമായിരുന്നു. പ്രതിയെ പിടികൂടാൻ തുനിഞ്ഞിറങ്ങിയ എളമക്കര പൊലീസ് പത്താം ദിവസം ‘ആതിരയെ” പിടികൂടി. തൃശൂർ മണ്ണുത്തി സ്വദേശി അൻസി അഷ്റഫാണ് (26) ആതിരയായി ആൾമാറാട്ടം നടത്തി സ്വർണം കവർന്നത്. ഇവരുടെ കൂട്ടാളിക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
കഴിഞ്ഞ മാസം 24ന് ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ വച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്റെ വാട്സ്ആപ്പിലേക്ക് വന്ന വിളികളുകളുടെ ഡാറ്റ ശേഖരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിൽ നിന്ന് ആതിരയുടെ നമ്പർ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലായിരുന്നു നമ്പർ. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പ്രതി മൂവാറ്റുപുഴ സ്വദേശിനിയല്ലെന്നും ഇവർക്കൊപ്പം ബിസിനസ് നടത്താൻ പദ്ധതിയിട്ട, മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിച്ചിരുന്ന 26കാരിയാകാൻ സാദ്ധ്യതയുണ്ടെന്നുമുള്ള നിഗമനത്തിലേക്ക് അന്വേഷണസംഘമെത്തി. പിന്നീട് 26കാരിയുടെ മൂന്ന് ഫോൺ നമ്പറുകളെ കേന്ദ്രീകരിച്ചായി അന്വേഷണം.സിമ്മുകൾ പിന്തുടർന്ന് ….ഒരു സിമ്മിൽ നിന്ന് അടുത്തിടെ പോയ വിളി മൂവാറ്റുപുഴയിലെ ഒരു ഓട്ടോഡ്രൈവറുടെ നമ്പറിലേക്കെന്ന് കണ്ടെത്തിയത് വഴിത്തിരിവായി. ഓട്ടോ ഡ്രൈവർ വഴി യുവതിയിലേക്ക് അനാസായം അന്വേഷണസംഘം എത്തി.
ഫേസ്ബുക്കിൽ പല പേരുകളിൽ ഇവർക്ക് വ്യാജ അക്കൗണ്ടുകളുണ്ട്. ‘ആതിര” എന്ന പേരിൽ ജ്യോത്സ്യനായ യുവാവിന് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ച അൻസി പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് കുറഞ്ഞദിവസത്തിനുള്ളിൽ സൗഹൃദം സ്ഥാപിച്ചു.ചാറ്റിംഗിൽ വീഴ്ത്തിയശേഷം ജ്യോത്സ്യനോട് കൊച്ചിയിലെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം എറണാകുളത്തെത്തിയ ജ്യോത്സ്യനെ കവർച്ചയ്ക്ക് ഇരയാക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരാണ് അബോധാവസ്ഥയിൽ കണ്ട യുവാവിനെ രക്ഷിച്ചത്. ചൊവ്വാഴ്ച രാത്രി മൂവാറ്റുപുഴയിൽ നിന്നാണ് അൻസിയെ പിടികൂടിയത്. തട്ടിയെടുത്ത ആഭരണവും ഫോണും ഇനിയും കണ്ടെത്താനായിട്ടില്ല.
അൻസിയുടെ നേതൃത്വത്തിൽ ഒരാളെക്കൂടി കവർച്ചയ്ക്ക് ഇരയാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായ ഇയാളും ജ്യാേത്സ്യനാണെന്നാണ് സൂചന. സംഭവത്തിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തേക്കും. കൊല്ലം സ്വദേശിയെ കവർച്ച ചെയ്ത കേസിൽ രണ്ട് കൂട്ടു പ്രതികളാണുള്ളത്. ഇവരുടെ അറസ്റ്റ് വൈകാതെയുണ്ടാകും.ജ്യോത്സ്യന്മാരെയും പൂജാരിമാരെയുമാണ് അൻസിയും സംഘവും നോട്ടമിട്ടിരുന്നത്. ഇവർ വലിയ ആഭരണങ്ങൾ ധരിക്കുമെന്നതിനാലാണത്രേ ഈ രീതി പിന്തുടർന്നത്. ഫേസ്ബുക്കിൽ നിരവധിപ്പേരുമായി ചാറ്റ് ചെയ്ത് അടുത്ത തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് പിടിവീണത്. വിവാഹ ബന്ധം വേർപ്പെടുത്തി കഴിയുന്ന ഇവർ മൂവാറ്റുപുഴയിൽ സുഹൃത്തിനൊപ്പമാണ് കഴിയുന്നത്.
ഡി.സി.പി. എസ്. ശശിധരന്റെ നിർദ്ദേശപ്രകാരം എളമക്കര എസ്.എച്ച്.ഒ എസ്.ആർ. സനീഷിന്റ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ എയ്ൻ ബാബു, സജീവ് കുമാർ, മുഹമ്മദ് ബഷീർ, എ.എസ്.ഐ ലാലു ജോസഫ്, അനിൽ, സിമി, എസ്.സി.പി.ഒ പ്രഭലാൽ,സി.പി.ഒ അനീഷ്, ഗിരീഷ്, രാജേഷ്, ധന്യ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.