
newsdesk
കോഴിക്കോട് ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഏഴും പന്ത്രണ്ടും വയസ്സുള്ള 2 കുട്ടികൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ഇവരുടെ സഹോദരി ഒൻപതു വയസ്സുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. തുടർന്ന് അസുഖ ലക്ഷണങ്ങൾ കാണിച്ച ഇരുവരെയും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിൽ ഒരാൾക്കു മാത്രമാണ് രോഗം തലച്ചോറിനെ ബാധിച്ചത്. 3 പേരും വീടിനു സമീപത്തെ കുളത്തിൽ കുളിച്ചിരുന്നു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മോഹൻദാസ് നായർ, അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. എ.എം.ഷമീം, ഡോ. ഫിജി, ജൂനിയർ റസിഡന്റുമാരായ ഡോ. എച്ച്.സിദ്ധലിങ്ങേഷ്, ഡോ. അഞ്ജലി വർഗീസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാർ, മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺപ്രീത്, ശിശുരോഗ വിഭാഗം മേധാവി ഡോ.മോഹൻദാസ് നായർ, ചീഫ് നഴ്‌സിങ് ഓഫിസർ പി.കെ.ശ്രീജ എന്നിവർ ചേർന്ന് കുട്ടികളെ യാത്രയാക്കി. അമീബിക് മസ്തിഷ്കജ്വകം ബാധിച്ച് 11 വയസ്സുള്ള ഒരു പെൺകുട്ടിയും 10 വയസ്സുള്ള ഒരു ആൺകുട്ടിയും നിലവിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
