newsdesk
കോഴിക്കോട്∙ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോർപറേഷൻ പരിധിയിലെ കുളങ്ങളിൽ പരിശോധന നടത്തി. മഴ ശക്തമായതോടെ എല്ലാ കുളങ്ങളും നിറഞ്ഞു. അൽപം ചൂടുള്ളപ്പോൾ മാത്രമാണ് അമീബ പുറത്തുവരിക എന്നതിനാൽ നിലവിൽ ആശങ്ക വേണ്ടെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ധർ. രോഗം പിടിപെടാനുള്ള സാഹചര്യം പൊതുവേ കുറവാണെന്നതും ആശ്വാസകരമാണ്.ഹെൽത്ത് ഓഫിസർ ഡോ.ടി.കെ.മുനവർ റഹ്മാന്റെ നേതൃത്വത്തിലാണ് കോർപറേഷൻ പരിധിയിലെ കുളങ്ങളിൽ പരിശോധന നടത്തിയത്.
തിരുവണ്ണൂർ കുളം, നീലിച്ചിറ തുടങ്ങിയ വലിയ കുളങ്ങളിലും വിവിധ നീന്തൽകുളങ്ങളിലും പരിശോധന നടത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.നീന്തൽകുളങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലോറിൻ വിതറി ശുദ്ധീകരിക്കണമെന്ന് നിർദേശം നൽകി. മൂക്കിൽ വെള്ളം കയറുന്ന രീതിയിൽ മുങ്ങാംകുഴിയിടുന്നതും ചാടുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു. ചെവികളിൽ വെള്ളം കയറാത്ത രീതിയിൽ മുൻകരുതൽ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്