newsdesk
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകൾ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.
ഗണേഷ് രമേഷ് വനപർധി(19)നെയാണ് മുംബൈ ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 28നാണ് ആദ്യ ഇമെയിൽ വന്നത്.
ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ കൂടി ലഭിച്ചു. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ആദ്യം അയച്ച ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ഇമെയിലുകളിൽ തുക 200 കോടിയായും 400 കോടിയായും ഉയർന്നു.