
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ കോഴിക്കോട് അടക്കം ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. നിപ ലക്ഷണങ്ങളുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
രോഗ ലക്ഷണവും സമ്പര്‍ക്കപട്ടികയിലും ഉള്ളവരില്‍ ചിലരുടെ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളെങ്കില്‍ നിപ്പയില്‍ പുതുതായി ഒരു മരണം കൂടി സംഭവിച്ചതോടെ അതീവ ജാഗ്രതയിലേക്ക് കടന്നിരിക്കുകയാണ് ആരോഗ്യമേഖല.
കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കുമാരംപുത്തൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 46 പേരാണുള്ളത്. പാലക്കാടും മലപ്പുറത്തും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
ഒരാഴ്ച മുമ്പാണ് പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58 കാരന്‍ പനി ബാധിച്ച്, മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നാലെ വട്ടമ്പലത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി കഴിഞ്ഞ ദിവസം മരിച്ചു.
