
Web Desk
പള്ളിപ്പുറം (ആലപ്പുഴ), മലയാളി വിദ്യാർഥിയെ പഞ്ചാബിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ഏഴാം വാർഡിൽ സ്വാതി നിവാസിൽ എസ്.ദിലീപിന്റെയും സോണിയുടെയും മകൻ ആഗിൻ എസ്.ദിലീപിനെയാണ് (ബാലു – 22) ചൊവ്വാഴ്ച വൈകിട്ട് ഫഗ്‌വാരയിലെ ലവ്‌ലി പ്രഫഷനൽ യൂണിവേഴ്സിറ്റി (എൽപിയു) ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാച്‌ലർ ഓഫ് ഡിസൈൻ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇവിടെ പ്രവേശനം നേടിയത്. കോഴിക്കോട് എൻഐടിയിലെ വിദ്യാർഥിയായിരുന്ന ആഗിൻ പഠനം പാതിയിൽ ഉപേക്ഷിച്ചാണു എൽപിയുവിൽ ചേർന്നത്. ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയെന്നു ജലന്തർ ഡിഐജി എസ്.ഭൂപതി പറഞ്ഞു. കുറിപ്പിൽ എൻഐടി അധ്യാപകനെതിരെ പരാമർശമുണ്ട്. കപുർത്തല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആഗിന്റെ മാതാപിതാക്കളിൽ നിന്നു വിവരം തേടുമെന്നും ഡിഐജി പറഞ്ഞു. സുതാര്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽപിയു വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ആഗിൻ 2018ലാണ് കോഴിക്കോട് എൻഐടിയിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് പ്രവേശനം നേടിയത്. എന്നാൽ ഒന്നാം വർഷത്തിന്റെ അവസാനം ആവശ്യമായ 24 ക്രെഡിറ്റുകൾ നേടാൻ കഴിഞ്ഞില്ല. കോഴ്സ് നാലാം വർഷത്തിലെത്തിയിട്ടും ഒന്നാം വർഷത്തിൽ ആവശ്യമായ ക്രെഡിറ്റ് നേടാൻ കഴിയാതെ വന്നതോടെ ചട്ടപ്രകാരം വിദ്യാർഥിക്ക് കോഴ്സിൽ തുടരാനുള്ള അർഹത ഇല്ലാതാവുകയായിരുന്നെന്നു കോഴിക്കോട് എൻഐടി അധികൃതർ പറഞ്ഞു. പള്ളിപ്പുറത്ത് സ്വന്തം വീടുണ്ടെങ്കിലും ആഗിനും കുടുംബവും വർഷങ്ങളായി തൃപ്പൂണിത്തുറയിലെ വാടക വീട്ടിലാണ് താമസം. ഓണത്തിന് പള്ളിപ്പുറത്തെ വീട്ടിലെത്തിയിരുന്നു. 6നാണ് പഞ്ചാബിലേക്ക് പോയത്. പിതാവ് ദിലീപ് ഇടുക്കി സ്വദേശിയാണ്. സംഭവം അറിഞ്ഞ് പിതാവും ബന്ധുക്കളും പഞ്ചാബിലേക്കു തിരിച്ചു. മൃതദേഹം ഇന്ന് 9.15ന് വിമാനമാർഗം കൊച്ചിയിലെത്തിക്കും. സംസ്കാരം ഉച്ചയോടെ പള്ളിപ്പുറത്തെ വീട്ടിൽ. സഹോദരി: ആഗി.
