
WebDesk
ആലപ്പുഴ ദേശീയപാതയിലെ ഒറ്റപ്പന മുറിച്ചുമാറ്റി. ദേശീയപാതയുടെ വകസനത്തിനായാണ് ഒറ്റപ്പന മുറിച്ചുമാറ്റിയത്. അർഹമായ ബഹുമതികളോടെയാണ് നാട്ടുകാർ യാത്രാമൊഴി നൽകിയത്. ആലപ്പുഴ ദേശീയപാതയ്ക്ക് തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയിൽ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തി ഉണ്ടെന്നുമായിരുന്നു വിശ്വാസം.
പനയ്ക്ക് ചുവട്ടിലാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നടത്തിയിരുന്നത്. അതുകൊണ്ട് ഉത്സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യം. മാത്രമല്ല, ഭഗവതിയുടെയും യക്ഷിയുടെയും അനുമതി വാങ്ങണം.
ഉത്സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷം മാത്രം മുറിച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസികളുടെ അഭ്യര്‍ഥന.
ദേശീയപാതവികസനത്തിനായി സമീപത്തെ മുഴുവൻ മരങ്ങളും കെട്ടിടങ്ങളും മാറ്റിയപ്പോള്‍ വിശ്വാസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഈ പന മാത്രം അധികൃതര്‍ മാറ്റിനിര്‍ത്തി.ഒടുവിൽ ഉത്സവം സമാപിച്ച്, തന്ത്രിയുടെ മേല്‍നോട്ടത്തില്‍ പരിഹാരക്രിയകൾ കൂടി നടത്തിയ ശേഷമാണ് ഇപ്പോള്‍ മരം മുറിച്ചത്.
