ആരോഗ്യവകുപ്പിലെ നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ

NEWSDESK

പത്തനംതിട്ട: ആരോഗ്യവകുപ്പിലെ നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് അഖിലിനെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട് തേനിയിൽ നിന്നാണ് പത്തനംതിട്ട എസ്‌പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സൈബ‌ർ വിദഗ്ദ്ധരുടെ സഹായത്തോടെ ആദ്യം ലൊക്കേഷൻ കേന്ദ്രീകരിച്ച് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പിന്നീട് മറ്റ് വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായതെന്നും പത്തനംതിട്ട ഡിവൈഎസ്‌പി പറഞ്ഞു.

2021ലും 2022ലുമായി രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് അഖിൽ സജീവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഖിലിനെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അഖിൽ സജീവുമായി ബന്ധമുള്ള മറ്റ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിന്റെ സൂത്രധാരൻ അഖിൽ സജീവാണെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നിലവിൽ അഞ്ച് കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.ഹോമിയോ ഡോക്ടർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് പണം നൽകാമെന്ന് അഖിൽ സജീവാണ് തന്നോട് പറഞ്ഞതെന്ന് പരാതിക്കാരനായ ഹരിദാസൻ പൊലീസിന് മൊഴി നൽകിയത്. അഡ്വാൻസ് തുക നൽകിയിട്ടും നിയമനം നടക്കാത്തതിനാൽ ഹരിദാസൻ ഏപ്രിൽ ഒമ്പതിന് തിരുവനന്തപുരത്തെത്തി. അടുത്ത ദിവസം തന്നെ സെക്രട്ടേറിയറ്റിന് പുറത്തുവച്ച് അഖിൽ മാത്യുവിനെ കണ്ട് ഒരു ലക്ഷം രൂപ നൽകിയെന്നും ഹരിദാസൻ പറഞ്ഞു.

അഖില്‍ സജീവ് ഒരു തവണയാണ് അഖില്‍ മാത്യുവിന്റെ ഫോട്ടോ ഹരിദാസനെ കാണിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് കണ്ടത് അഖില്‍ മാത്യുവാണോ എന്ന് ഹരിദാസന് ഉറപ്പില്ല. അയാളാണെന്ന വിശ്വാസത്തിലാണ് പണം നല്‍കിയതെന്നും ഹരിദാസന്‍ പറഞ്ഞു. മറ്റൊരാളെ കാണിച്ച് അഖില്‍ സജീവ് തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു.അഖില്‍ മാത്യുവിനെ ഹരിദാസന്‍ കണ്ടിട്ടില്ലെന്നാണ് ഫോണ്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് മനസിലായത്. സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധിക്കാന്‍ പൊലീസ് കത്തു നല്‍കിയിട്ടുണ്ട്

error: Content is protected !!