Site icon CTV Online

ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി; എയർ ഇന്ത്യയുടെ AI671 എന്ന വിമാനത്തിൽ ആണ് സംഭവം

WebDesk

എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന AI671 എന്ന വിമാനത്തിൽ യാത്ര ചെയ്ത മഹാവീർ ജെയിൻ എന്ന വ്യക്തിക്കാണ് ദുരനുഭവമുണ്ടായത്. ഭക്ഷണത്തിൽ പ്രാണി ഓടിനടക്കുന്ന വിഡിയോ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി.
മഹാവീർ ജെയിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. ‘യാത്രയ്ക്കിടെ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഇത്ര മോശം അനുഭവമുണ്ടായതിന് ക്ഷമ ചോദിക്കുന്നു. ഇത് കേൾക്കാൻ അസുഖകരമായ കാര്യമാണ്. ഞങ്ങൾ എല്ലാ ഘട്ടത്തിലും സുരക്ഷയും ശുചിത്വവും കൈക്കൊള്ളുന്നവരാണ്.’- എയർ ഇന്ത്യ മറുപടിയായി കുറിച്ചു. സംഭവത്തിൽ ഭക്ഷണം വിളമ്പിയ കാറ്ററിംഗ് ടീമിന്റെ വിവരങ്ങളും അധികൃതർ ആരാഞ്ഞു.
ഇതാദ്യമായല്ല എയർ ഇന്ത്യ വിളമ്പിയ ഭക്ഷണത്തിനെതിരെ വിമർശനം ഉയരുന്നത്. നേരത്തെ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂറും എയർ ഇന്ത്യയുടെ ഭക്ഷണത്തെ വിമർശിച്ച് ട്വീറ്റ് ചെയ്തിരുന്നു. തണുത്ത ചിക്കൻ ടിക്കയാണ് തനിക്ക് ലഭിച്ചതെന്നും ഓർഡർ ചെയ്ത സാൻഡ്വിച്ചിൽ ഫില്ലിംഗ് വളരെ കുറവായിരുന്നുവെന്നും, ഡിസേട്ട് വെറും പഞ്ചസാര പാനിക്ക് തുല്യമായിരുന്നുവെന്നുമാണ് സഞ്ജീവ് കപൂർ തുറന്നടിച്ചത്.

Exit mobile version