newsdesk
അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഇന്ന് നോമിനേഷൻ നൽകും. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തിരഞ്ഞെടുത്തത് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. വിശദമായ ചർച്ച നടന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാൻ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതൽ ഡൽഹി കെഎംസിസി യുടെ പ്രസിഡന്റ്, ലോയേഴ്‌സ് ഫോറം ദേശീയ കൺവീൻ. മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം. പൗരത്വ നിയമഭേദഗതി ഉൾപ്പടെയുള്ള പാർട്ടിയുടെ മുഴുവൻ കേസുകളും ഡൽഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയിൽ ഏകോപിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകൾ നടത്തി ശ്രദ്ധേയമായി. ഡൽഹി കേന്ദ്രീകരിച്ച് പാർട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതിൽ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്. പുതുതായി ഡൽഹിയിൽ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേൽനോട്ടം വഹിക്കുന്നു.
പൗരത്വ വിവേചന കേസ്സിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുൽ നാസർ മഅദനിയുടെ കേസുകൾ, ജേര്ണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ സുപ്രീം കോടയിൽ വാദിച്ച് ശ്രദ്ധനേടി. യു.പി.എ സർക്കാർ സമയത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥതി മന്ത്രലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ സൗകര്യം മക്കയിൽ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.
കളമശ്ശേരി രാജഗിരി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും, എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽനിന്നും നിയമബിരുദവും നേടി. 1998ൽ ഡൽഹിയിൽ അഭിഭാഷകനായി. സുപ്രീം കോടതിയിൽ കപിൽ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴിൽ പ്രാക്ടീസ് തുടങ്ങി. മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലെ മുൻ പ്രൊഫസർ ടി.കെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കൾ: ആര്യൻ, അർമാൻ.