Site icon CTV Online

വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളുമടക്കം വിജയ് ബാബു കോടതിയിൽ

Web Desk

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടി അയച്ച വാട്സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും അടക്കമുള്ള തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കി വിജയ് ബാബു. ദുബായിൽനിന്ന് 30ന് കൊച്ചിയിൽ തിരിച്ചെന്നുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകർപ്പിനൊപ്പമാണ് പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കിക്കൊണ്ട് ഉപഹർജി നൽകിയത്. പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയാക്കിയതോടെയാണ് ലൈംഗിക പീഡനമാരോപിച്ച് പരാതി നൽകിയതെന്നു ഉപഹർജിയിൽ വിജയ് ബാബു ആരോപിച്ചു.

2018 മുതൽ നടിയെ അറിയാം. പല തവണ എന്റെ പക്കൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിൽ അവസരത്തിനായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പീഡിപ്പിക്കപ്പെട്ടുവെന്നു പറയുന്ന ദിവസത്തിന് ശേഷവും എന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ എത്തി എന്റെ ഭാര്യയുമായി സംസാരിച്ചു, വിജയ് ബാബു പറയുന്നു. ഏപ്രിൽ 14ന് തന്റെ ഫ്ലാറ്റിൽ വച്ച് പുതിയ ചിത്രത്തിലെ നായികയോട് പരാതിക്കാരി ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു ആരോപിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ആദ്യം മടക്കടിക്കറ്റ് ഹാജരാക്കൂ, എന്നിട്ട് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ജോർജിയയിൽ ഒളിവിലായിരുന്ന വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്. അതേസമയം ദുബായിൽ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയാൽ എമിഗ്രേഷൻ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച് അറസ്റ്റ് ചെയ്യും. 30ന് രാവിലെ 9മണിക്ക് കൊച്ചിയിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ് ക്ലാസിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

Exit mobile version