Site icon CTV Online

പണം ചെലവാക്കിയുള്ള ആദരം വേണ്ട; സര്‍ക്കാരിനോട് മമ്മൂട്ടി

Web Desk

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ തന്നെ ആദരിക്കുന്നതിനായി പണം മുടക്കി ഒന്നും ചെയ്യേണ്ടെന്ന് മമ്മൂട്ടി. കഴിഞ്ഞ ദിവസം നിയമസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സര്‍ക്കാര്‍ മമ്മൂട്ടിയെ ആദരിക്കുമെന്ന് പറഞ്ഞിരുന്നത്. ഇക്കാര്യം നേരിട്ട് പറയാന്‍ മമ്മൂട്ടിയോട് മന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് പണം മുടക്കി ഒരു ആദരവും വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതെന്ന് മന്ത്രി പറയുന്നു. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ഒരു ലളിത ചടങ്ങ് മതിയെന്നും ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

‘കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന അത് വളരെ പ്രോഗസിവ് ആണ്. വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,’ സജി ചെറിയാന്‍ പറഞ്ഞു.
1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്ത് അനുഭവങ്ങള്‍ പാളിച്ചകള്‍ ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് കാര്യമായി മമ്മൂട്ടി എത്തുന്നത്. സജിന്‍ എന്ന പേരിലായിരുന്നു മമ്മൂട്ടി സിനിമയില്‍ തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.

Exit mobile version